1.
ഐസക് സാറിൻ്റെ മ്യൂസിയം പരമ്പരയിൽ പ്രഥമ പരിഗണ ഗുജറാത്തി മ്യൂസിയത്തിന് എന്ന ഒരു സ്ഥിതി വന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ശക്തമായ വിയോജിപ്പ് കാര്യകാരണ സഹിതം ഒരു വർഷം മുൻപ് ഞാൻ FB പോസ്റ്റായി ഇടുകയും ചെയ്തിരുന്നു. എങ്കിൽ പോലും അതിൻ്റെ 2 കമ്മിറ്റികളിൽ ഞാൻ പങ്കെടുക്കുകയും ചെയ്തു. ആലപ്പുഴയിലെ പ്രമുഖ ശില്പി ജോയി കോടിക്കൽ ഐസക്സാർ വിളിച്ചു ചേർത്ത യോഗ തീരുമാനത്തിൻ്റെ ഭാഗമായി 5 ശില്പങ്ങളുടെ മാതൃക ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നത് ഓർമ്മയിൽ വരുന്നു.
കയർ - മത്സ്യ - കാർഷിക മ്യൂസിയങ്ങൾക്കു ശേഷം മാത്രം അത് പരിഗണിക്കണം എന്ന അഭിപ്രായം അന്നും ഇന്നും ഉണ്ട്. അതാണ് ശരിയും. എൻ്റെ മാത്രം ശരിയല്ലത് ആലപ്പുഴയുടെ ശരി അതു മാത്രമായിരിക്കും.
അതിനും മുൻപ് ആലപ്പുഴ MP വേണുഗോപാൽ സാർ വിളിച്ചു ചേർത്ത ശില്പശാലയിൽ വച്ച് ബോട്ട് മ്യൂസിയത്തിൻ്റെ ആർട്ടിസ്റ്റ് കൺവീനറായി ആലപ്പുഴയിലെ ടോപ് മോസ്റ്റ് ശില്പിയായ അജയൻ വി കാട്ടുങ്കിലനെയും ചരിത്ര മ്യൂസിയത്തിൻ്റെ കൺവീനറായി എന്നെയും തിരഞ്ഞെടുക്കുകയും 2 കമ്മിറ്റികൾ കൂടുകയും പിന്നെ അത് ഹൈജാക്കിംഗിൻ്റെ ഭാഗമായി നിന്നു പോകുകയും ചെയ്ത അനുഭങ്ങൾ ഞങ്ങൾക്കുണ്ട്.
എന്തായാലും ആദ്യം കയർ മ്യൂസിയം അണിഞ്ഞൊരുങ്ങുന്നു എന്ന് അറിയുന്നതിൽ ഏറെ സന്തോഷം ഉണ്ട്. ഞാൻ മേൽ സൂചിപ്പിച്ച 3 ജനവിഭാഗങ്ങൾ ആലപ്പുഴയുടെ പൈതൃക / രാഷ്ട്രീയ - സാമൂഹ്യ നിർമ്മിതികളിൽ ഏറ്റവും മഹത്തായ പങ്ക് വഹിച്ചവരാണ്. അവരാണ് ആലപ്പുഴയുടെ പൈതൃകത്തിൻ്റെ അടിസ്ഥാന ശിലപാകി പടുത്തുയർത്തിയത്.
"ഗുരു വന്ദനം പോലെ നമുക്ക് അവിടെ നിന്നു തന്നെ തുടങ്ങാം"
സർക്കാരായാലും ലളിതകലാ അക്കാദമിയായാലും ഈ പ്രൊജക്റ്റുകൾക്ക് കലാകാരെ തെരഞ്ഞെടുക്കുമ്പോൾ ആലപ്പുഴ ആർട്ടിസ്റ്റുകൾക്ക് മുൻതൂക്കം ഉണ്ടാകണം.
കാരണം ആലപ്പുഴയുടെ ചൂരും ചൂടും ഏറ്റ് ആലപ്പുഴമാത്രത്വത്തിൻ്റെ മടിത്തട്ടിൽ കിടന്ന് വളർന്ന് കലാരംഗത്ത് കഴിവു തെളിയിച്ചവരാണ് അവർ. ലളിതകലാ അക്കാദമി മെമ്പർമാർക്കോ സർക്കാർ പ്രതിനിധികൾക്കോ അറിയാത്ത ശില്പ / ചിത്രകലാരംഗത്ത് കേരളത്തിലെ ആരോടും കിടപിടിക്കുന്ന അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ അനേകം ശില്പികളാലും ചിത്രകാരന്മാരാലും സമ്പന്നമാണ് ആലപ്പുഴ എന്ന പുണ്യഭൂമി.
നിലവിൽ അത് പാലിക്കപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ട് എന്നത് അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഇത് എഴുതുന്നത്.
പ്രാദേശിക വാദമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യരുത്. ആലപ്പുഴയിൽ ഇത്തരം വലിയ സംരംഭങ്ങൾ നടക്കുമ്പോൾ പ്രതിസന്ധികളോട് പടവെട്ടി കലയെ കൈവരുതിയിലാക്കി മുന്നേറുന്ന നൂറുകണക്കിന് കലാകാരന്മാർ ആലപ്പുഴയിൽ ജീവിക്കുന്നുണ്ടെന്നും
"അവരിൽ അതിപ്രഗത്ഭരായ "
ഒരാളുടേയും കണ്ണുനീർ ആലപ്പുഴയുടെ മണ്ണിൽ വീഴരുത് എന്ന ഒരു ഓർമ്മപ്പെടുത്തൽ അത്രയേ തൽക്കാലം ഉദ്ദേശിക്കുന്നുള്ളു.
അയൽ ജില്ലകളിൽ നിന്നും വരുന്ന കലാകാരിൽ ബഹുഭൂരിപക്ഷവുമായി എനിക്ക് ബന്ധങ്ങൾ ഉള്ളവർ തന്നെയാണ്. കേരളത്തിലെ കലാകൃത്തുക്കളെ എല്ലാവരേയും തന്നെ ആലപ്പുഴയിലേയ്ക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനത്തോടെ / ആദരവോടെ തന്നെയാണ്. ഇന്ത്യയിൽ നിന്നോ വിദേശത്തു നിന്നോ കലാകാരന്മാർ വരുന്നതിനേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആലപ്പുഴ കലാ പ്രവർത്തകരെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്ന വിലയിരുത്തലുകൾ ഞങ്ങളുടെ മുന്നിൽ പല സന്ദർഭങ്ങളിലായി ഉയർന്നു വന്നിരിക്കുന്നു എന്നതാണ് ഇതെഴുതാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. രൂക്ഷമായ വിമർശനങ്ങൾ പലഭാഗത്തു നിന്നും പൊട്ടിത്തെറിയുടെ രൂപത്തിൽ ഉയർന്നു വരുന്നുണ്ട് എന്ന വസ്തുത അധികൃതരെ ബോദ്ധ്യപ്പെടുത്തുവാൻ കൂടിയാണ് ഈ കുറിപ്പ്.
ആലപ്പുഴയുടെ മുഖച്ഛായ മാറ്റുന്ന ഇത്തരം സംരംഭങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നതിൽ എല്ലാ വിധ പിന്തുണയും ഉണ്ട്.
കേരള ലളിതകലാ അക്കാദമി തന്നെ ഇതിൻ്റെ എല്ലാം ചുക്കാൻ പിടിക്കണം എന്നു തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ അതിന് അക്കാദമി ഭാരവാഹികളുടെ നിരന്തര ജാഗ്രതയും ഇടപെടലും നിബ്ബന്ധമായും ഉണ്ടാകണം. കാരണം ആലപ്പുഴക്കാർ ദുരനുഭവങ്ങളുടെ കനലെരിയുന്ന കണ്ണും കാതും മനസ്സുമായി ഇവിടുണ്ട്.
2.
കയർ കേരളയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കലാസൃഷ്ടികൾ ആർട്ടിസ്റ്റുകളുടെ സഹായമോ അനുമതിയോ നിർദ്ദേശങ്ങളോ തേടാതെ ബംഗാളികളെപ്പോലുള്ള പണിക്കാരെ ഉപയോഗിച്ച് വലിച്ചു വാരി തോന്നിയ ഇടത്ത് കൊണ്ടുപോയി ഇട്ട മാന്യദേഹങ്ങളെ സാഷ്ടാംഗം നമിച്ചിരിക്കുന്നു.
നിങ്ങളുടെ കൈകളിൽ ആലപ്പുഴയുടെ കാലാപൈതൃകം സുരക്ഷിതമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത്തരം സൃഷ്ടികൾ പരിസ്ഥിതിക്കും, സാഹചര്യങ്ങൾക്കും, ഉദ്ദേശ്യലക്ഷ്യത്തിനും , പ്രതലത്തിനും, അത് സ്ഥിതി ചെയ്യേണ്ട ചുറ്റുപാടുകൾക്കും പൂരകമായിട്ടായിരിക്കും കലാപ്രവർത്തകർ രൂപഭാവങ്ങൾ കൊടുക്കുന്നത്. പ്രേക്ഷകൻ സാഹചര്യങ്ങൾക്ക് അനുരൂപമായ മാനസിക വ്യവഹാരങ്ങളോടെയും അത് ജനിപ്പിക്കുന്ന വൈകാരികഅനുഭൂതി വിശേഷങ്ങളോടെയുമാണ് ആസ്വദിക്കുന്നതും. ഇതൊരു കെമിസ്ട്രിയാണ്.
പറഞ്ഞത് വെറുമൊരു പ്രാഥമിക പാഠം. അറിയില്ലെങ്കിൽ പോട്ടെ! പക്ഷേ, രാജൻ അരിയല്ലൂർ സാറിന്റെ ചെണ്ടകൊട്ടുകാരനെ ഫ്ലെക്സിൽ കെട്ടിവച്ച് പ്രദർശിപ്പിക്കാൻ കാണിച്ചതിനെ ചങ്കൂറ്റമെന്നേ വിശേഷിപ്പിക്കാൻ പറ്റു . ഉദയകുമാർ സാറിന്റെ കടൽത്തീരത്ത് മണ്ണിൽപ്പുതഞ്ഞു കിടക്കുന്ന പായ്ക്കപ്പലിനെ EMS സ്റ്റേഡിയത്തിലെത്തിച്ച തലച്ചോറിനു തെങ്ങുമായി അഭേദ്യബന്ധമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
പന്തീരായിരം രൂപ കൊടുത്താൽ സൃഷ്ടി പിന്നെ "ഞങ്ങളുടേത് " ആണെന്ന വിചാരമുണ്ടല്ലോ ( ധാർഷ്ട്യം ) അത് അംഗീകരിക്കാൻ പറ്റില്ല തന്നെ. കാരണം എന്റേയും കൂടെ പണം മാത്രമല്ല, ആ കലാകാരന്റേയും അവരുടെ സർവ്വ ബന്ധുമിത്രാദികളുടേയും നികുതിപണം കൊണ്ടാണ് ഈ കളികളെല്ലാം കളിക്കുന്നത്. രമ്യമായി പരിഹരിക്കാൻ ഐസക്സാർ നിർദ്ദേശിച്ചിട്ടും സാദ്ധ്യമാകാതെ പോകുന്നുണ്ടെങ്കിൽ ഇത് കൈവിട്ട കളിയാണ്.
ഒരു കലാപ്രവർത്തകനെന്ന നിലയിൽ ശക്തമായി പ്രതിഷേധിക്കുന്നു.
(NB. എന്നെ ഇത്തവണ സംഘാടന നേത്രത്വത്തിന് വിളിക്കാതിരുന്നതിന്റെ കൊതിക്കെറുവ് ആയി ഈ എഴുത്തിനെ വ്യാഖ്യാനിക്കരുത്. ഞാനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ നടക്കില്ലായിരുന്നു. എന്നെ ഒഴിവാക്കി കളിച്ചയാൾക്ക് ഇങ്ങനെതന്നെ വേണമെന്ന ചിന്തയുമില്ല. )
ആർട്ടിസ്റ്റുകൾക്കൊപ്പം .
Comments
Post a Comment