ഒരു നിമിഷം.....അതു സംഭവിക്കുന്നു.....ചില ദര്‍ശനങ്ങള്‍,വെളിപാടുകള്‍....ചിലത് നല്ലതാവാം, മറ്റുചിലത്...... ഇതില്‍ click ചെയ്യുക.

അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു നല്ല തെളിഞ്ഞ ഏപ്രിൽ മാസത്തിലെ ഒരു ആകാശം. ഏപ്രിലിന്റെ ചൂട് അധികമായിരുന്നു. പ്രഭാപൂരിതമായ പൂങ്കാവ് പള്ളിയങ്കണത്തിന്റെ ആകാശം അതീവ മനോഹരമായി കാണപ്പെട്ടു. ആയിരക്കണക്കിന് നിലവിളക്കുകൾ പള്ളിയങ്കണത്ത് സുദീർഘമായ നീളത്തിൽ പല വരികളിലായി അവിടെ ഒരു മനോഹരമായ കാഴ്ച തീര്‍ത്തുകൊണ്ടിരുന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ പള്ളിയങ്കണത്തിൽ വിളക്ക് കൊളുത്തലിന്റെ ഉദ്ഘാടനം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
 ആബാലവൃദ്ധം ജനങ്ങൾ എണ്ണയൊഴിച്ച് നിലവിളക്കിൽ തിരിയിട്ട് വിളക്ക് കൊളുത്തുവാൻ ഉദ്ഘാടന സമയം കഴിയുന്നതിനു വേണ്ടി അക്ഷമരായി കാത്തിരിക്കുന്നു. സർവ്വമതസ്ഥരുടേയും പങ്കാളിത്തം കൊണ്ട് ധന്യമായിരുന്നു ആ പള്ളി അങ്കണം. എനിക്ക് സുപരിചിതരായിട്ടുള്ള അംഗങ്ങളെ നോക്കിയാണ് ഞാൻ അത് മനസ്സിലാക്കിയത്. ഉദ്ഘാടകൻ ആദ്യ നാളം ജ്വലിപ്പിച്ചപ്പോൾ ഭക്തർ മുന്നിൽ വച്ചിരുന്ന തങ്ങളുടെ നിലവിളക്കിലേക്ക് തീ പടർത്തി. ദീപനാളങ്ങൾ പള്ളി മൈതാനത്തെ പൊൻവെളിച്ചത്താൽ പ്രഭാപൂരിതമാക്കി. പ്രാർത്ഥനാ മന്ത്രങ്ങളും ഗാന ശുശ്രൂഷയും കൊണ്ട് പള്ളി അങ്കണം അലൗകീകമായിട്ടുള്ള ഒരു ആത്മീയതലത്തിലേക്ക് മാറ്റപ്പെട്ടു. 

പെട്ടെന്നാണ് അത് സംഭവിച്ചത്. എവിടുന്നോ കാർമേഘപടലങ്ങൾ അതിശക്തമായ കാറ്റോടു കൂടി പള്ളിയുടെ മുകൾ ഭാഗത്തേക്ക് ഇരച്ചെത്തി. കലുഷിതമായ ഒരു അന്തരീക്ഷത്തിന്റെ ഇരുട്ട് അവിടെയെങ്ങും വ്യാപിച്ചു. പള്ളിയങ്കണത്തിൽ കത്തിക്കൊണ്ടിരുന്ന നിലവിളക്കിലെ നാളങ്ങൾ കൂട്ടത്തോടെ കരിന്തിരി കത്തി എരിഞ്ഞടങ്ങുവാൻ തുടങ്ങി. കച്ചവടക്കാരുടെ വേസ്റ്റുകളും, ഭക്തജനങ്ങൾ കൊണ്ടുവന്ന പ്ലാസ്റ്റിക് കൂടുകളും, കവറുകളും, പേപ്പറും, ചപ്പുചവറുകളും, മിഠായിയുടെ റാപ്പറുകളും, ന്യൂസ് പേപ്പർ തുണ്ടുകളും ഒക്കെ തലങ്ങും വിലങ്ങും പറന്നു നടന്നു .ഭീകരമായ കാറ്റിനൊപ്പം തുള്ളിക്കൊരു കുടം എന്ന പോലെ പേമാരിയും ഇരച്ചെത്തി. കാതടപ്പിക്കുന്ന ഇടിമിന്നലുകൾ ഭക്തഹൃദയങ്ങളെ തകർത്തു ഭയചകിതരാക്കി. കുട്ടികളെയും ഒക്കത്ത് എടുത്തു വെച്ചു കൊണ്ട് അമ്മമാർ പരക്കം പാഞ്ഞു. മഴയിൽ നിന്നു രക്ഷപ്പെടുവാൻ ജനങ്ങൾ കിട്ടാവുന്ന സ്ഥലങ്ങളിലേക്ക് എല്ലാം കുതിച്ചു പാഞ്ഞു. കുട്ടികളുടെ കരച്ചിലും കാറലും കൂവലും ബഹളവുമായി ജനങ്ങൾ പായുന്നതിനിടയിൽ കൂരിരുട്ട് നൽകിക്കൊണ്ട് കറണ്ട് പൂർണമായി പോയി. ഏതാനും നിമിഷങ്ങൾക്കു ശേഷം ജനറേറ്ററിന്റെ പരിമിതമായ വെളിച്ചം പള്ളിയങ്കണത്ത് പ്രകാശം ചൊരിയുന്നു. ഒന്നര മണിക്കൂറോളം സംഹാരതാണ്ഡവമാടിയ മഴ പതുക്കെ ശമനം പ്രാപിച്ചപ്പോൾ ഞാൻ ആ സ്ഥലത്തിൽ നിന്ന് വീട്ടിലേക്ക് യാത്രയായി. പോകുന്ന വഴിക്ക് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. യുദ്ധം കഴിഞ്ഞ ഭൂമി പോലെയോ, ചുഴലികൊടുങ്കാറ്റിനു ശേഷമുള്ള ഭൂഭാഗം പോലെയോ ആ പ്രദേശം ആകെ അലങ്കോലപ്പെട്ട് താറുമാറായി കിടക്കുന്നു. ആൾക്കാര് കൂട്ടത്തോടെ തങ്ങളുടെ സാധന സാമഗ്രികളും നിലവിളക്കുകളും തിരിച്ചെടുത്ത് കൂട്ടമായി ആ സ്ഥലത്ത് നിന്ന് നിഷ്ക്രമിക്കുന്നതും കാണുന്നുണ്ടായിരുന്നു. 

 ചില മുൻ വർഷങ്ങളിലും സമാനമായ ഈ പ്രക്രിയ അരങ്ങേറിയത് തീർച്ചയായിട്ടും അവിടെ വന്ന ഭൂരിപക്ഷം ആൾക്കാരെ പോലെ എനിക്കും പരിചിതമായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകതരം ചിന്തകൾ ആ ജനസഞ്ചയത്തിൻ്റെ ഉള്ളിൽ ഉണ്ടായി കാണില്ല. പക്ഷേ തിരിച്ച് ഞാൻ വരുമ്പോൾ എൻറെ മനസ്സിൽ കൂടി കുറെ ചിന്തകൾ കടന്നുപോയി.  

ദൈവത്തെ പ്രസാദിപ്പിക്കുവാനും അങ്ങനെ തങ്ങളുടെ ക്ഷേമത്തെ പരിരക്ഷിക്കുവാനും ആയിരുന്നുവല്ലോ ഈ കണ്ട ആയിരക്കണക്കിന് വരുന്ന ഭക്തജനങ്ങൾ അവിടെ മതഭേദമന്യേ ഒത്തുകൂടിയിട്ടുള്ളത്? ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പ്രാർത്ഥനാ നിരതരായി ദൈവത്തിന് ശുശ്രൂഷ ചെയ്തുകൊണ്ട് അവർ നിനക്ക് വേണ്ടി തങ്ങളുടെ സമയം വിനിയോഗിച്ചുകൊണ്ട് അവിടെ മണിക്കൂറുകൾ ചിലവിടുമ്പോൾ അതെല്ലാം തകിടം മറിക്കുന്ന വിധത്തിൽ സാത്താന്റെ ഈ ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കാൻ നിനക്ക് എന്തേ ത്രാണിയില്ലാതെ പോയി? മനുഷ്യകുലത്തിനു വേണ്ടി അവരുടെ പാപവിമോചനത്തിനായി കുരിശിൽ ഏറി രക്തംചിന്തി പീഢാനുഭവമരണം ഏറ്റുവാങ്ങിയ നിൻ്റെ ഓർമ്മകളിൽ നിന്നു കൊണ്ട് അവർ നിനക്ക് പാദപൂജ ചെയ്തു കൊണ്ടിരുന്ന സന്ദർഭത്തിൽ ഈ ഭീകര സംഭവം ഉണ്ടായതിനെ 2 മണിക്കൂർ തടഞ്ഞു നിർത്താൻ നിനക്ക് കെല്പില്ലാതായോ എന്ന് അവർ ചിന്തിക്കില്ലെന്ന് നീ നന്നായി മനസ്സിലാക്കിയിരിക്കുന്നുവല്ലേ? എട്ടും പൊട്ടും തിരിയാത്ത ആ മനുഷ്യജീവികൾ വൃണിതഹൃദയരായി തിരിച്ചുപോകുമ്പോൾ നിനക്ക് എന്തെങ്കിലും മനസ്സമാധാനം കിട്ടിയോ? നീ എന്ന ഒരു വസ്തു സാങ്കല്പികതയുടെ ഉൽപ്പന്നമാണ് എന്ന യാഥാർത്ഥത്തിൽ തിയോളജിയും, ഫിലോസഫിയും, Atheism, മാർക്സിസ്റ്റ് dialectical materialism ഒക്കെ പഠിച്ചു വന്ന പുരോഹിതർക്ക് അറിയാമെങ്കിലും നിൻറെ പേര് പറഞ്ഞ് കോടാനുകോടി പണം ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്നതിനെ ചെറുക്കാൻ പോലും ഈ കാലമത്രയും കഴിയാതെ പോയി എന്നുള്ളതും നീയെന്ന സ്വത്വത്തിന്റെ നിരർത്ഥകത്തെ മനസ്സിലാക്കാൻ ഒരു ന്യൂനപക്ഷത്തിനെങ്കിലും കഴിയും എന്ന കാര്യം പോലും നീ മറന്നു പോയിരിക്കുന്നുവല്ലോ? കെട്ട് കഥകളിലൂടെ ഒരു മനുഷ്യ സഞ്ചയത്തെ നൂറ്റാണ്ടുകൾ ഇങ്ങനെ കബളിപ്പിച്ച് പറഞ്ഞ് പറ്റിച്ച് മണ്ടൻ കഥകൾ പെരുപ്പിച്ചു പെരുപ്പിച്ചു കാലത്തിൻറെ പുരോഗതിക്കനുസൃതമായി പുതിയ പുതിയ ചിന്തകൾ അവർക്ക് പ്രദാനം ചെയ്തുകൊണ്ട് ഉപദേശങ്ങൾ നൽകിക്കൊണ്ട് പുതിയ കഥകൾ മെനഞ്ഞു അതിനെ ശരിയെന്ന് വരുത്തി തീർക്കുവാനുള്ള വ്യഗ്രത ഉറപ്പിച്ചു നിർത്തി കൊണ്ട് പറഞ്ഞു പറ്റിക്കുന്ന പുരോഹിതരെ കാണാൻ പോലും കഴിയാത്ത നീ എന്ത്? സൃഷ്ടിയും സ്ഥിതിയും സംഹാരവും എല്ലാം നീ തന്നെ എന്ന് ആര് ഇവരെ പഠിപ്പിച്ചു എന്നറിയില്ല. അതുകൊണ്ടുതന്നെ നല്ലതും ഗുണവും ദോഷവും രോഗവും ബുദ്ധിമുട്ടുകളും എല്ലാം നിന്റെ പരീക്ഷണം ആണെന്ന് ചിന്തിക്കുന്ന പോഴൻ ജന്മങ്ങൾക്ക് എന്നാണ് അവസാനം? കോടാനുകോടി മനുഷ്യർ ഈ ഭൂമുഖത്ത് മരിച്ചു പോയിട്ടുണ്ട്. അതിൽ ഒരാൾ പോലും നാം ഈ വിശ്വസിച്ചതെല്ലാം വലിയ കെട്ടുകഥകൾ ആയിരുന്നു എന്നും നമ്മുടെ പുരോഹിത വർഗ്ഗം പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്നും ഈ ഭൂമിയിലുള്ള ഏതെങ്കിലും ഒരാളോട് പോലും പറയുവാൻ ഏതെങ്കിലും ഒരു സംവിധാനത്തിലൂടെ അറിയിക്കുവാൻ ഇതുവരെയും കഴിയാതെ പോയിട്ടുണ്ട് എന്നുള്ളത് തന്നെ ഇത് ഒരു കെട്ടുകഥ തന്നെയാണെന്നും മരണത്തിനുശേഷം ഒന്നുമില്ല എന്നുള്ള ശാശ്വത സത്യം മനസ്സിലാക്കാൻ പോലും പ്രാർത്ഥിയില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ജനസഞ്ചയത്തെ സൃഷ്ടിച്ചത് ആര് എന്ന് ചോദിച്ചാൽ എല്ലാം ശൂന്യതയെന്നോ മായ എന്നോ വട്ടപൂജ്യം എന്നോ കുറഞ്ഞ പക്ഷം എങ്ങനയോ എന്ന് ചിന്തിക്കുവാൻ പോലും പ്രാപ്തിയില്ലാതെ പോകുന്നത് എന്തൊരു ഭൂലോക ദുരന്തമാണ്?

Comments