കടൽപ്പിറവിക്കൊത്ത്


MY SNAP
ഇതെൻറ കടാപ്പുറം
നൂറുകണക്കിന് കടൽ ചിത്രങ്ങൾ എൻറെ ക്യാമറ പകർത്തിയിട്ടുണ്ട്.
2010 -ലെ ചാകരക്കാലത്തെ ചിത്രമാണിത്.
മീൻകുട്ടയുമായി വരുന്നത് തുമ്പോളിയിലെ മണിച്ചേച്ചി.
എൻറെ പ്രദേശത്തുളളവരാണ് മിക്ക ആൾക്കാരും.
ഈ കടലും കടലിൻറെ മക്കളും എൻറെ നിശ്വാസം തന്നെയാണ്.





എന്‍െറ കടല്‍ത്തീരമെവിടെ....?
പണ്ട് ഞാനോടിക്കളിച്ചതെവിടെ......?
അവിടെയല്ലേ...തിരയൊടിയുന്നത്...?
കടലിന് തീരമില്ലാതായോ.....?
എനിക്കും കടലിനുമിടയില്‍
എന്തിനാണൊരു കരിങ്കല്‍ ഭിത്തി?
കടലിനു തീരം സ്വന്തം
കടലും കരയും എനിക്കു സ്വന്തം.
അമ്മയായിരുന്നെനിക്കു കടല്‍
മാനത്തു നോക്കി കിടക്കുന്ന നേരം
കുളിര്‍ക്കാറ്റൂതി വിടുന്നൊരമ്മ-
താഴെ, പഞ്ചാരമണല്‍ വിരിച്ചു തന്നു.
പട്ടം പറത്താനും ഓടിക്കളിക്കാനും
എത്ര വിശാലമാണാക്കടല്‍ത്തീരം.
പുലരിയില്‍ വെട്ടിത്തിളങ്ങുന്ന വെള്ളം-
സന്ധ്യയില്‍ ചെഞ്ചായം കലക്കിത്തിളങ്ങും.
കാറ്റില്‍ തലയാട്ടി കടല്‍ക്കൈതയും താഴെ,
കടമ്പയും കൊഴുപ്പയും കടല്‍ച്ചുള്ളിയും.
തുപ്പല്‍ പശയാല്‍ മണ്ണുപുരട്ടീട്ട്-
ഞണ്ടിന്‍റളയില് നൂലിറക്കി, കുഴി-
ഞണ്ടിനെ പൊക്കിയെടുക്കുന്ന നേരം
ഞണ്ടിറുക്കുമ്പോള്‍ കാറിക്കരച്ചില്‍.
പൊട്ടിയ പട്ടത്തിനൊപ്പമോടുമ്പോള്‍
കടല്‍പ്പുല്ല് കാലില്‍ തറച്ചു കേറും.
മുറുക്ക് തിന്നങ്ങനെ കാറ്റ് കൊള്ളുമ്പോള്‍
കാക്ക മുറുക്കും റാഞ്ചിയെടുക്കും.
കുഞ്ഞിക്കൈ കീറി ചോരപൊടിയുമ്പോള്‍
മണ്ണില്‍ക്കിടന്ന് ഉറക്കെക്കരയും.
പെട്ടെന്ന് വന്‍തിര ഓടിയടുക്കുമ്പോള്‍
പൊട്ടിച്ചിരിച്ചുകൊണ്ടോടിമാറും.
ചാകര വന്നന്നു കൂവല്‍ കേള്‍ക്കാം
കൂവല്‍ പിന്നാരവമായി മാറും.‍
ചാകരപ്പാട്ടിന്‍െറ ഈണത്തിനൊപ്പം
കൂട്ടത്തെറിയും കലപിലയും.
അയലയും മത്തിയും ചെമ്മീനുമെല്ലാം
പാളയില്‍ കോരി മറിക്കണ ശബ്ദം
കള്ളടിച്ചപ്പന്മാര്‍ പൈതങ്ങളോട്
സാരോപദേശം വിളമ്പുന്ന കാഴ്ച.
മീന്‍കറിക്കിത്തിരി ഉപ്പ് കുറഞ്ഞെന്നാല്‍ 
പെണ്ണുംമ്പിള്ളയെ മദ്ദളമാക്കും.
സ്നേഹം മൂത്താല്‍ ചായക്കടയിലെ
പലഹാരം പൊതിയായി വീട്ടിലെത്തും.
ചാകരക്കാഴ്ചയ്ക്കു മുന്‍പൊരു ദൃശ്യം
ഭീകര രൂപിണിയായ കടലമ്മ.
ഘോരമാരിക്കൊപ്പം ആര്‍ത്തലച്ചെത്തുന്ന
കൂറ്റന്‍ തിരമാലയായി കടല്‍ക്ഷോഭം.
തീരത്തെ മാന്തിപ്പറിക്കുന്ന കോപം
വീടുകള്‍ തല്ലിപ്പൊളിക്കുന്ന രൗദ്രം.
കടലിന്‍െറ മക്കളെ വെള്ളത്തില്‍ മുക്കി-
കൊന്നു മൂന്നാം നാള്‍ കരയിലണയ്ക്കും.‍
അലറും കടലിന്‍െറ സംഹാര താണ്ധവം
മൂന്നു ചാന്ദ്രമാസത്തിനൊപ്പം.
ഉഗ്രയാം മാതാവവള്‍ പോറ്റമ്മയാണ്
പഞ്ചഭൂതത്തില്‍ രണ്ടമതാണിവള്‍

Comments