നന്നാവാത്തത് ഞാനോ തമ്പുരാനേ.....?



പോരാട്ടങ്ങളവസാനിക്കാൻ ഇനിയുമെത്ര കാലം....?
അവസാനത്തെ പോരാളി മരിക്കുന്നതുവരെയും......!

2011 മെയ് 17ന് എന്റെ നേതൃത്വം സദാ അംഗീകരിക്കുന്ന, ഞാനൊരു സംഭവമാണെന്നും പാർട്ടി പിടിപാടേറെയുള്ളയാളാണെന്നും ധരിച്ചു വച്ച എനിക്കു വേണ്ടപ്പെട്ട ഒരു കുടുംബം. മകന്റെ അഡ്മിഷനു വേണ്ടി എന്നെ സമീപിച്ചു. പോളിടെക്നിക്കിലാണ് അപേക്ഷിച്ചിരിക്കുന്നത്. ഇനി മാനേജ് മെൻറ് ക്വോട്ടയിൽ കൊടുക്കണമെങ്കിൽ ശുപാർശ ചെയ്യുന്ന ആളിന്റെ പേര്, ഒപ്പ് ,ഫോൺ നമ്പർ എന്നിവ വേണം.അതാണാവിശ്യം. പണം കൊടുക്കാൻ കൈവശമില്ല. സാധു കുടുംബമാണ്. 74ശതമാനം മാർക്കാണ് കൈമുതൽ. ഞാനവരോട് പറഞ്ഞു എനിക്ക് പഴയതു പോലെ സ്വാധീനം പാർട്ടിയിലിപ്പോൾ ഇല്ല.(കാര്യം ശരിയുമാണ്. മാത്രമല്ല,പണ്ടും പാർട്ടി വഴി ആർക്കും ഇത്തരം സഹായം ചെയ്തു കൊടുക്കുവാൻ കഴിഞ്ഞിട്ടില്ലെന്നത് എന്റെ സ്വകാര്യ ദുഖം) അവർക്ക് വിശ്വസിക്കാനാകുന്നില്ല. കാരണം അവർക്കെന്റെ പാർട്ടി ജീവിതത്തെക്കുറിച്ച് നല്ല അറിവുള്ളവരാണ്. അപ്പോൾ ഞാൻ അടവൊന്നു മാറ്റി. പാർട്ടിയിൽ ത്യാഗം അനുഭവിച്ച കുടുംബത്തിലെ കുട്ടികളെ സഹായിക്കണ്ടേ....? ഒരു സീറ്റായിരിക്കും പാർട്ടിക്ക് കിട്ടുന്നത് അതങ്ങനെ പോകും. അപ്പോൾ അവർ മുൻപ് അതിനു വിരുദ്ധമായി  നടന്ന ചില കൂട്ടുകാരുടെ അനുഭവങ്ങൾ പറഞ്ഞു. എനിക്കത് പുതിയ അറിവാണെന്ന് ഭാവിച്ചില്ല. ഞാൻ വീണ്ടും ചുവട് മാറ്റി. പാർട്ടി നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ വേണ്ടപ്പെട്ടവർക്ക് ചെയ്തു കൊടുത്തതായിരിക്കുമതെന്ന് അങ്ങ് തട്ടി വിട്ടു. മാത്രമല്ല, എനിക്കിത്തിരി ചൊടിച്ചു. വേണ്ടപ്പെട്ടവരെന്ന് ഉദ്ദേശിക്കുന്നത് എങ്ങനെയെന്ന് പച്ചയായിട്ട് ആണ് ഞാൻ പറഞ്ഞത്. ഞാനാലിസ്റ്റിൽ പെടത്തില്ലെന്നും ബോദ്ധ്യപ്പെടുത്തി. പിന്നെയും നിർബ്ബന്ധം മൂലം സഹികെട്ടപ്പോൾ ഞാൻ ഗമ വിടാതെ പറഞ്ഞു. ഈ പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറിക്ക് ഒരു കത്ത് കൊടുക്കണം. ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. കത്തിന്റെ മാറ്റർ പറഞ്ഞു കൊടുത്തു. ബഹുമാനപ്പെട്ട............അതിനുശേഷം വീട്ടിലേയ്ക്കു വരുന്ന വഴിക്കു തന്നെ ബ്രാഞ്ചിലെ പ്രധാന ഒരു മെമ്പറെ വീട്ടിൽ ചെന്ന് കണ്ട് കാര്യം പറഞ്ഞു. പിന്നീട് വീട്ടിലെത്തി അടുത്ത് പരിചയമുള്ള ചില എസ് എഫ് ഐ, ഡിവൈഎഫ്ഐ നേതാക്കളെ വിളിച്ചു സഹായം തേടി. അവർക്കൊന്നും സഹായിക്കാൻ പറ്റുന്ന അവസ്ഥയല്ലെന്നു മറുപടി. ഒരു ഉപദേശം കിട്ടി. എംഎൽഎ യുടേയോ ഡിസിയുടേയോ ശുപാർശയായിരിക്കും നല്ലത്. വീട്ടുകാർ സെക്രട്ടറിക്ക് കത്തു കൊടുത്തെങ്കിലും വീണ്ടും ഒരുദിവസം കൂടി താമസിച്ചു. ഞാൻ തിരക്കിയപ്പോൾ എൽസി സെക്രട്ടറി സ്ഥലത്തില്ലെന്നറിഞ്ഞു. സെക്രട്ടറി വന്നതിന്റെ അടുത്ത ദിവസമാണ് അപേക്ഷ കൊടുക്കുവാനുള്ള അവസാന ദിവസം.ചെറുക്കൻ അതിനാൽ മറ്റൊരു ജില്ലയിലെ ബന്ധുവിനെ കാണാൻ പോയിരിക്കുകയായിരുന്നു. ആവശ്യം സൃഷ്ടിയുടെ........അതല്ലേ പ്രമാണം.....? ഞാൻ സെക്രട്ടറിയോട് സംസാരിച്ചു. സെക്രട്ടറി നിർദ്ദേശം വച്ചു.വലിയ നേതാവിനെ കാണണം. ഞാൻ കാണാൻ ചെന്നിട്ട് കാര്യമില്ല, സെക്രട്ടറിയുടെ അതിനുള്ള അനുമതിയുണ്ടോ കത്തുണ്ടോ എന്നു തുടങ്ങിയ നിയമപ്രശ്നങ്ങൾ ചോദ്യമായി വരും പിന്നെ ഞാൻ പാർട്ടിയിൽ നിന്നും പോകേണ്ടി വരും ഇപ്പോൾ തന്നെ ചെറുക്കന്റെ 2 കൂട്ടുകാർ കോൺഗ്രസ്സ് എംഎൽഎയുടേയും മന്ത്രിയുടേയും ശുപാർശയോടെ അപേക്ഷ കൊടുത്തിട്ട് 4 ദിവസമായി എന്ന് പറഞ്ഞപ്പോൾ ഞാൻ വിളിക്കാം എന്ന് മറുപടി. ഫോൺവിളി അവസാനിച്ചു. പെട്ടെന്ന് വീട്ടുകാരുടെ വിളി വന്നു. ഇതുവരെ ചെയ്തു തന്ന കാര്യങ്ങൾക്കു നന്ദി....കാര്യം ശരിയായിട്ടുണ്ട്. മറ്റൊരു എംഎൽഎ കാര്യം പെട്ടെന്ന് ശരിയാക്കി കൊടുത്തെന്ന് കേട്ടപ്പോൾ തന്നെ ഞാനുറപ്പിച്ചു ഇത് ചുവപ്പു നാടകളില്ലാത്ത മറ്റേതെങ്കിലും പാർട്ടി വഴിയായിരിക്കുമെന്ന്.ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.....? ഹൃദയത്തിൽ ഒരു നോമ്പരക്കാറ്റ് ആഞ്ഞടിച്ച് കടന്നു പോയി.കൊടുങ്കാറ്റുണ്ടാകുന്നത് ഇത്തരം കൊച്ചു കാറ്റുകൾ കൂട്ടം ചേരുമ്പോളാണോ എന്നൊരു ചിന്തയും കൂട്ടത്തിലൊന്നു മിന്നി. പശ്ചിമബംഗാളിലുണ്ടായ കാറ്റ് ഇങ്ങനെയൊക്കെ രൂപപ്പെട്ടതാണോ....? ആവോ...ഇതൊക്കെ ആർക്കറിയാം.......? കുറച്ചു കഴിഞ്ഞ് എൽസി സെക്രട്ടറിയെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. കാര്യം എനിക്കു മനസ്സിലായി. നേതാവിനെ വിളിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ വിപരീത മറുപടി കിട്ടിയിരിക്കും. പാവം.....എന്തിനു ടെൻഷൻ അടിപ്പിക്കണം? ഒരു എസ്സ് എം എസ്സ് അയച്ചു. അഡ്മിഷൻ വിഷയം പരിഹരിച്ചു......പെട്ടെന്ന് വിളി വന്നു. സന്ദേശം വാമൊഴിയായി ഒന്നു കൂടി അറിയിച്ചു. കുറെയേറെ ഫോൺ വിളികൾക്കും പെട്രോൾ ചിലവിനും അങ്ങനെ തല്ക്കാലം വിരാമമായി. ഫ്ലാഷ് ബാക്ക്,,,,,,,,എനിക്കൊരു ഇൻറർവ്യു. അന്നത്തെ എൽസി സെക്രട്ടറിയെ കണ്ടു. കണ്ടുവെന്നങ്ങനെ പറഞ്ഞാൽ പറ്റില്ല. എല്ലാ വൈകുന്നേരങ്ങളിലും ഞാൻ പാർട്ടി ആഫീസിലുണ്ടാകും.അതൊരു ജീവിതചര്യയാണ്. ഒരു കത്ത് മുകളിലോട്ട്  വേണം. മറുപടി പെട്ടെന്നായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് വേണം. ഞെട്ടിയത് ഞാൻ മാത്രമായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന മുഴുവൻ പേരുമായിരുന്നു. അവരുടെ പിന്നീടുള്ള പ്രതികരണങ്ങളിലത് വ്യക്തമായിരുന്നു. ഈ സെക്രട്ടറി പിന്നീട് ഗ്രൂപ്പ് കളിയുടെ പേരിൽ നടപടി വാങ്ങി പോയെന്നത് പിന്നത്തെ കാര്യം. അവർ എന്തുകൊണ്ട് ഞെട്ടിയെന്നതു പറയാം നീണ്ട വർഷത്തെ എൻറെ പ്രവർത്തനം....വെറുമൊരു പ്രവർത്തകനായിരുന്നില്ല ഞാൻ.സർവ്വതലങ്ങളിലും ഇടപെടാൻ കഴിവുള്ള ആവറേജോ ചിലകാര്യങ്ങളിൽ ആവറേജിനു മുകളിലോ പ്രവർത്തന മികവ് കാട്ടിയിട്ടുള്ള (ഇങ്ങനെയല്ലേ എനിക്ക് എഴുതാൻ പറ്റു) ഒരാൾക്കാണ് ഈ അനുഭവം. പിന്നെ  AC,ഡിസി, എസ്സി കടന്നു ചെല്ലണമെങ്കിൽ ദിവസമെത്ര? പണച്ചിലവെത്ര? എകെജി സെന്ററിലെത്തി കത്ത് കൊടുത്തു. മുഖത്ത് പോലും നോക്കാതെ വാതുക്കൽ മേശയുമിട്ടിരുന്നയാൾ (അകം കാണാനൊത്തില്ല ആദ്യം പോകുന്നതായിരുന്നു.ഇപ്പോഴും എകെജി സെൻററിന്റെ അകം ഞാൻ കാണാതിരിക്കുന്നത് അന്നത്തെ അനുഭവമാണ്) ആ കത്ത് താഴെ വച്ചിരുന്ന ഒരു കാർട്ടൺ ബോക്സിലിട്ടു.അതിൽ അത്തരം കത്തുകൾ ഒരു കൂനയായി കിടക്കുന്നതു കണ്ടപ്പോൾ എനിക്കു തൃപ്തിയായി. പിന്നീടും ഞാനവിടെ നിന്നപ്പോൾ ആണ് ആ സഖാവ്? എൻറെ മുഖത്തു നോക്കിയിട്ട് പറഞ്ഞത് പോയ്ക്കോളു.....കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കിടയിൽ ആരെയും ഈ സംവിധാനത്തിൻ കീഴിൽ നിന്നുകൊണ്ട്  ഇത്തരം കാര്യങ്ങളിൽ എനിക്കു സഹായിക്കാൻ കഴിഞ്ഞില്ലെന്ന ദുര്യോഗം ഒരു പക്ഷേ എന്റെതുമാത്രമായിരിക്കും. പിന്നെ എന്റെ യൗവ്വനം ഹോമിക്കപ്പെട്ടത് എന്തിനു വേണ്ടി? ഒരുതത്വശാസ്ത്രത്തിനോ....? അതേ സംവിധാനം മറ്റെല്ലാവർക്കും വഴങ്ങുന്നുണ്ടെങ്കിൽ കേഡർ നയമെന്തിന്? കേഡർമാരില്ലാതിരിക്കുകയും നയങ്ങൾ പറയാനുള്ളതായിരിക്കുകയും അതിനെ അതാതിടങ്ങളിലോ സമയത്തോ പരുവപ്പെടുത്താൻ കഴിയും വിധമുള്ളതാകുകയും ചെയ്യുന്നുണ്ടെങ്കിൽ....മാറ്റുവിൻ ചട്ടങ്ങളേ....എന്നു പറയേണ്ടിടത്ത് കാര്യങ്ങളെത്തും. എന്നു വച്ച് എനിക്കാരേയും ഒരു കാര്യത്തിനും സഹായിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിനിതർത്ഥമാക്കുന്നില്ല. എണ്ണിയാലൊടുങ്ങാത്ത വിധം അതിന്റെ നീളമേറെയാണ്. അതാവട്ടെ, ഞാൻ വളർത്തിയെടുത്ത സ്വന്തം സംവിധാനങ്ങളിലൂടെ ആണെന്നു മാത്രം. ഇങ്ങനെയെഴുതിയിരിക്കുന്നതു കൊണ്ട് മറ്റ് സംവിധാനങ്ങളെല്ലാം നല്ലതെന്നല്ല. ഇത്തരം കാര്യങ്ങളിലെ  ലാളിത്യം. അനുഭാവപൂർണ്ണമായ സമീപനങ്ങൾ, നടത്തിത്തരുന്നതിന് പണം മേടിച്ചാലുമില്ലെങ്കിലും കാര്യം നടന്നാലുമില്ലെങ്കിലും ആവശ്യക്കാരനെ വെറുപ്പിക്കാത്ത അവനു മുന്നിൽ സൗമ്യനായിരിക്കാൻ കഴിയുകയെങ്കിലും....അത്രയേയുള്ളു. അതിന് ഏറെ ചട്ടവട്ടങ്ങളില്ലാത്ത സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരിക്കും കരണീയവും ബുദ്ധിയും.   

Comments