ഇളം കാറ്റിലൊരു മർമ്മരം....
മുളം തണ്ടിലിലയുടെ രാഗം.
ഹൃദയത്തിൽ തുടിയിളക്കം
നൊമ്പരത്തി പൂവിരിയുന്നു.
മൂകമാം സന്ധ്യാരാഗം
നിലാപക്ഷി പാടും നേരം
തെന്നലേ...നീയും വന്നോ?
കേൾക്കാത്തൊരീണവുമായി.
കുളിർ മഴ പെയ്തിറങ്ങി
ആഷാഢം പോയല്ലോ?
മഴ മേഘ ജാലങ്ങൾ
എവിടേയ്ക്ക് പോയ് മറഞ്ഞു?
നിൻമിഴി പീലിയിൽ
ഊയലാടുന്നൊരീ...
പൊൻകണം എന്തിനായ്
നോവറിയുന്നത്....?
നിഴൽക്കൂത്ത് കോലങ്ങൾ
ഇളകിയാടുന്നൊരീ.....
കിനാവിന്റെ തീരത്ത്
നീ ഏകയാണോ......?
വഴിക്കണ്ണുമായ് നിൽക്കും
പ്രിയൻ നിന്റെ ചാരത്ത്
രാത്തിങ്കൾ പോലെ...
പുലരുവോളം സഖീ.......
നെഞ്ചിലൊരു വെൺനിലാവ്
നിറ തിങ്കൾ തിരി വയ്ക്കും
കാവേരിയോരത്തെ
വാകമരപ്പൂന്തോപ്പിൽ.
മറുവിളി കേൾക്കാനായി
കാതോർത്തിരിക്കും നേരം
മാരിവിൽ പൊന്നേ....നീയൊരു
പുനർജ്ജന്മമാകുമോ.......?
Comments
Post a Comment