Kerala Lalitha kala Academy Camp
Held on 2020 September 25 to October 3.
Art at Home
Aju Karthan
ചോദ്യം:
ചിലതുകളെ കോർത്തിണക്കി മനോഹരമായി വരച്ചിരിക്കുന്നു, ചിത്ര വായനയിലൂടെ ഒന്ന് വിശദമാക്കി തരാമോ..😘
ഉത്തരം:
കല ആസ്വദിക്കുന്നത് അതിൻറെ വിഷ്വൽ ഇംപാക്ടിൽ നിന്നുകൊണ്ട് മാത്രമായിരിക്കണം. കലാകാരൻ എന്തുതന്നെ ചിന്തിച്ചാലും നമ്മൾ ഒരു ചിത്രം കാണുമ്പോൾ ഉണ്ടാകാവുന്ന അനുഭൂതി; എന്നുവച്ചാൽ വർണ്ണപരമായും രൂപപരമായും നമ്മൾക്ക് തോന്നുന്ന ഒരു ഇഷ്ടമോ അനിഷ്ടമോ അല്ലെങ്കിൽ മറ്റേതെങ്കിലും രസഭാവങ്ങളോ നമ്മളിൽ ജനിപ്പിക്കുക എന്നതിനപ്പുറത്തേക്ക് വിഷയമോ അല്ലെങ്കിൽ ഇസങ്ങളോ അതിൽ ആഡ് ചെയ്യണമെന്ന് ആർട്ടിസ്റ്റുകൾക്ക് ഇപ്പോൾ പുതിയ കാലത്ത് ഒരു കാഴ്ചപ്പാടില്ല. എന്നാലും ചിത്രങ്ങൾ ചെയ്യുമ്പോൾ നമ്മൾക്ക് ചില ചിന്തകൾ, ദർശനങ്ങൾ ഒക്കെയും ഉണ്ടാവുകയും ചിത്രഭാഷയായി നമ്മൾ അത് രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. Art is a dynamic combination of materials, methods, concepts and subjects.
ഞാൻ surrealism & magical realism എന്നീ മാനങ്ങളിൽ നിന്നു അല്പം കടം കൊണ്ടാണ് രചന നടത്തിയത്.
ഇവിടെ നിറകേരളം സ്റ്റേറ്റ് ക്യാമ്പിലേക്കായി അക്കാദമി എന്നെ വിളിച്ചു പറയുമ്പോൾ എൻറെ മനസ്സിൽ അന്നുതന്നെ രൂപപ്പെട്ട ഒരു ദൃശ്യബോധം കുതിരവട്ടം പപ്പുവിൻ്റെ ആ ഹെയർപിൻ വളവിൽ വച്ച് ഉണ്ടായ അപകടത്തെ സംബന്ധിച്ചായിരുന്നു. ആ ഒറ്റ ചിന്തയിൽ ഉടക്കിനിന്നതുകൊണ്ട് പിന്നെ മറ്റൊന്നും ആലോചിക്കാതെ സ്കെച്ച് ബുക്കിൽ നേരത്തെതന്നെ രൂപപ്പെടുത്തിയിരുന്നതിൽ നിന്നും ഈ സ്കെച്ച് എടുത്ത് പരിവർത്തനം നടത്തി ആലേഖനം ചെയ്യുകയാണ് ഉണ്ടായത്.
കുതിരവട്ടം പപ്പുവിൻ്റെ വണ്ടി തലകീഴായി മറിഞ്ഞ് ഒരു ഉണങ്ങിയ വാഴയിൽ തടഞ്ഞു നിന്നു രക്ഷപ്പെട്ട കാര്യം മുത്തശ്ശിയോട് വിവരിക്കുന്ന ആ സന്ദർഭത്തെ ആക്സിഡൻറിൽ പെട്ട ഒരു കാർ താഴോട്ട് വന്ന് കൂണുകളുടെ മുകളിൽ പതിച്ചപ്പോൾ അവ അതിനെ താങ്ങിനിർത്തുന്ന ഒരു വിഷ്വലൈസേഷനിലേയ്ക്ക് divert ആക്കിയാണ് ഞാൻ ഇത് create ചെയ്തിരിക്കുന്നത്.
ചിന്തകളെ തലകീഴായി മാറ്റിമറിക്കുകയും, യുക്തിബോധത്തെ തകിടം മറിക്കുകയും അതുവരെ കാണാത്ത പുതുകാഴ്ചയുടെ രസതന്ത്രങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുചെന്ന് എത്തിക്കുക എന്ന ഒരു ദൗത്യമാണ് ഞാൻ ഇവിടെ ഈ പെയിൻറിംഗിലൂടെ നിർവ്വഹിച്ചിരിക്കുന്നത്. അത്തരമൊരു നിർമ്മിതിയുടെ അവസ്ഥയിൽ പോലും സാധാരണ പ്രേക്ഷകൻ്റെ ദൃശ്യബോധത്തിൽ ഇടപെട്ട് അങ്ങനെ ഒന്ന് സംഭവിക്കാമെന്ന വെറുമൊരു തോന്നൽ സൃഷ്ടിക്കുക എന്നതാണ് ആ തന്ത്രം.
ആ കാറിനെ താങ്ങി നിർത്താൻ പറ്റുന്ന ബലിഷ്ഠമായ കൂണുകളെയാണ് ഞാൻ അതിനാൽ അവിടെ പെയിൻറ് ചെയ്തത്. ഒരു കാക്കയെയും മറ്റൊരു പക്ഷിയെയും അവിടെ പ്രതിഷ്ഠിക്കുക വഴി ആ ചിന്തയെ കൂടുതൽ ബലപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ഭ്രമാത്മകമായ ഒരു കാഴ്ചയുടെ ലോകത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോവുക എന്ന ഒരു ചെറിയ പ്രയോഗമാണ് അത്
.
അത്രയും ചുക്കിച്ചുളിഞ്ഞ ഒരു കാറിൽ നിന്ന് ആരും രക്ഷപ്പെട്ടിട്ടുണ്ടാവില്ല എന്ന ഒരു പ്രതീതി സൃഷ്ടിക്കുവാൻ വേണ്ടിയാണ് കത്തി തുടങ്ങുന്ന ആ കാറിലെ അഗ്നിയുടെ ഒരു ലാഞ്ചന അവിടെ താഴെ കാണുന്ന പ്രതിമയുടെ കണ്ണുകളിൽ ഞാൻ എത്തിച്ചത്. അതും കരിമ്പാറയുടെ ചില ഭാഗങ്ങളും പ്രേക്ഷകനിൽ ഒരു ഭീതിയുടേതായ അല്ലെങ്കിൽ ഒരു അപകടത്തിൻ്റെ സിറ്റുവേഷൻ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഞാൻ ശ്രമിച്ചത്. വരച്ചു തീർന്നതിനുശേഷം ആ ഹെഡ് അവിടെ ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ തോന്നുവാനുള്ള പ്രധാന കാരണം ആ ചിത്രത്തിൻറെ സെയിൽ വാല്യുവിനെ അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
ഇങ്ങനെയുള്ള ഒരു അപകട ദൃശ്യത്തിലെ രൂക്ഷതയെ ശമിപ്പിക്കുവാനും ഒരു വിപണന സാദ്ധ്യത കൂടി വച്ചു പുലർത്തിയതുകൊണ്ടാണ് അങ്ങനെ പ്ലസൻ്റ് ആയ ഒരു അന്തരീക്ഷം ഞാൻ ക്രിയേറ്റ് ചെയ്തത്. ആ ഹെഡ് റിമൂവ് ചെയ്തിരുന്നുവെങ്കിൽ തീർച്ചയായിട്ടും അങ്ങനെ ഒരു സാദ്ധ്യത 70 ശതമാനവും ഈ ചിത്രത്തിന് കരഗതമാകുമായിരുന്നു.
തിരശ്ചീനമായ ഒരു പ്രതലത്തിൽ നിന്ന് ലംബമായ നിലയിൽ നിൽക്കുന്ന മറ്റൊരു കേന്ദ്ര ഭാഗവുമാണിതിനുള്ളത്. Left Bottom Corner ൽ രൂപപ്പെട്ട weight നെ ബാലൻസ് ചെയ്യുന്നതിന് വേണ്ടിയാണ് ആ ഉരുണ്ട കല്ല് ഇരിക്കുന്ന സ്ഥലത്ത് 40 ഡിഗ്രിയിൽ ചരിഞ്ഞ് ബാലൻസ് ചെയ്യുന്ന ഒരു പ്രതലം ഉണ്ടാക്കി വെച്ചിരിക്കുന്നത്.
അതേപോലെ ഒരു കൂണ് വലതുഭാഗത്തേക്ക് 45 ഡിഗ്രിയിൽ ചരിച്ചു നിർത്തി അതിൻറെ അഗ്രഭാഗത്ത് ഓറഞ്ച് നിറത്തിൻ്റെ ഒരു അനുരണനം കൊടുത്തതും ബാലൻസിംഗിനു വേണ്ടി മാത്രമാണ്.
അഞ്ചു നിറങ്ങൾ മാത്രമാണ് ഇതിൽ ഞാൻ പ്രയോഗിച്ചിരിക്കുന്നത്. പിന്നെ അതിൻറെ ബ്ലണ്ടിംഗിൽ നിന്നും ലഭ്യമാകുന്ന നിറഭേദങ്ങളും ഇതിൽ വന്നിട്ടുണ്ട്.
ഇങ്ങനെ വിശദീകരിക്കുന്നത് തന്നെ ഒരു ചിത്രകാരനെ സംബന്ധിച്ചിടത്തോളം അറുബോർ ആയ ഒരു അനുഭവമാണ്. എങ്കിലും അജുകുട്ടൻറെ അഭിപ്രായം അനുസരിച്ച് ഞാൻ ആ ഒരു പാതകം ചെയ്യുന്നു എന്നുള്ളത് മാത്രമാണ് ഇവിടെ ചുരുക്കമായി പറയുവാനുള്ളത്.
തലയ്ക്ക് കനം / ജാട കൂടിയ ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ ഈ ചോദ്യത്തിന് മറുപടി പറയുന്നത് ഒറ്റ വാചകത്തിൽ ഇപ്രകാരമായിരിക്കും " ഇത് ഒരു വിഷ്വൽ ലാംഗ്വേജ് ആണ് ചിത്രഭാഷയിൽ വായിക്കണമെങ്കിൽ അതുമായി ദാതാത്മ്യം പ്രാപിക്കുവാൻ പറ്റുന്ന അറിവ് / ദൃശ്യാവബോധം നേടുക മാത്രമേ കരണീയമായിട്ടുള്ളു സോറി " എന്ന്.

Comments
Post a Comment