നമ്മൾ ഒരു സത്യം വളരെ വ്യക്തമായി ബോധ്യം ഉള്ളത്; ഏതെങ്കിലുമൊരു ഗ്രൂപ്പിൽ പോയി പറഞ്ഞാൽ ആ ഗ്രൂപ്പിൻറെ പൊതു ചിന്തകൾ അതിന് വിരുദ്ധമാണെങ്കിൽ നമ്മളെ അവിടെ വലിയ തോതിൽ ആക്രമിക്കും എന്നുള്ള ഒരു വസ്തുത നിലനിൽക്കുന്നുണ്ട്. അവർ സഭ്യമല്ലാത്ത പദങ്ങൾ ഉപയോഗിച്ചു നമ്മളെ ഏതെല്ലാം തരത്തിൽ നികൃഷ്ടമായി ചിത്രീകരിക്കുവാൻ കഴിയുമോ അതെല്ലാം അവിടെ പ്രയോഗിക്കപ്പെടുന്നുണ്ട്.
ഞാൻ വളരെ അപൂർവ്വം മാത്രമാണ് അത്തരം ഗ്രൂപ്പുകളിൽ പോയി അഭിപ്രായം പറയുന്നത്. കലവൂർ സ്കൂളിലെ ഓഡിറ്റോറിയം ആയി ബന്ധപ്പെട്ട ഒരു സംശയം എനിക്ക് ഉണ്ടായി. അടുത്തുള്ള അവരുടെ തന്നെ എൽപി സ്കൂളിൻറെ ഓഡിറ്റോറിയം ആണ് FB യിൽ ഫോട്ടോയായി വന്നത്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ടതാണത്. പക്ഷേ ഞാൻ ഇപ്പുറത്തുള്ള വടക്കുവശത്ത് റോഡ് സൈഡിലുള്ള ഓഡിറ്റോറിയവും സ്കൂളും ആണെന്ന് തെറ്റിദ്ധരിച്ചു . ഞാൻ വടക്കേ സ്കൂളിലാണ് കൂടുതൽ പോയിക്കൊണ്ടിരിക്കുന്നത് തെക്കേ സ്കൂളിൽ ഞാൻ ഒരു പ്രാവശ്യം മാത്രമേ പോയിട്ടുള്ളൂ. ഏതാനും പേർ വളരെ മോശമായി എന്നോട് പെരുമാറി. അത് ഒരു വ്യക്തി ഇട്ട പോസ്റ്റ് ആയിരുന്നു. ഗ്രൂപ്പുകളിൽ ഞാനൊരിക്കലും രാഷ്ട്രീയം പറയാറില്ല മറ്റു വിവാദമായ ഒരു കാര്യങ്ങളും പറയാറില്ല ചിലപ്പോൾ ചില വസ്തുതകള് പറയണം എന്ന് തോന്നുമ്പോൾ വളരെ അപൂർവ്വമായി മാത്രമേ ഇടപെടാറുള്ളൂ. സോഷ്യൽ മീഡിയയിൽ വളരെ വലിയ ആക്രമണമാണ് നടക്കുന്നത്. അസഭ്യവും അതുപോലെതന്നെ തെറ്റിദ്ധാരണാജനകമായ വിഷയങ്ങൾ നിരത്തിയാണ് നൂറുകണക്കിന് വരുന്ന ആൾക്കാര് രംഗത്ത് സ്ഥിരമായി വരുന്നത്. വടക്കേ സ്കൂളിൻറെ കാര്യം ഞാൻ വസ്തുതാപരമായി നിരത്തിയത് നൂറുശതമാനവും ശരി തന്നെയായിരുന്നു പക്ഷേ ഫോട്ടോ തിരിഞ്ഞു പോയതുകൊണ്ട് ഉള്ള ഒരു പ്രശ്നം മാത്രം ആയിരുന്നു അത് . ഈ പിഴവ് ഞാൻ വളരെ വ്യക്തമായി അവിടെ പറഞ്ഞതുമാണ്.
ഇതൊക്കെ ശിക്ഷകൾക്ക് വിധേയമാക്കണമെന്ന് തന്നെയാണ് എൻറെ അഭിപ്രായം. കർശനമായ ശിക്ഷാ നടപടികൾ സമൂഹത്തിൽ ഇല്ല എന്നതു കൊണ്ടും നമ്മുടെ പല വ്യവസ്ഥിതികളിലും അഴിമതി നിറഞ്ഞു നിൽക്കുന്നത് കൊണ്ടും ഞാൻ ഈ നീതിന്യായ വ്യവസ്ഥയെ പലപ്പോഴും ആശ്രയിക്കാറില്ല. ഏതൊരു തരത്തിലുള്ള ആക്രമണവും നിയമപരമായി കനത്ത ശിക്ഷയ്ക്ക് വിധേയമാകുന്ന ഒരു സാമൂഹിക ക്രമം തന്നെയാണ് ഞാൻ സ്വപ്നം കാണുന്നത്. അങ്ങനെ അല്ലാത്തതുകൊണ്ട് (എൻറെ സ്വന്തം അനുഭവങ്ങളിൽ ) എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ അതിനെ നിഷേധിച്ചുകൊണ്ട് ഈ കാലമത്രയും ജീവിച്ചത് .പക്ഷേ കർശനമായ നിയമ പരിരക്ഷ ഉണ്ടെങ്കിൽ എന്നെപ്പോലെ സൽഗുണ സമ്പന്നനായ ഒരു വ്യക്തി ഈ ഭൂമുഖത്ത് ഉണ്ടാകില്ല എന്ന് എനിക്കുറപ്പുണ്ട്. തെളിവ് കൃത്യമായി വച്ച് സ്ഥാപിക്കാൻ കഴിയാത്ത ഒരു ആരോപണവും ആരുടേയും മേൽ ഒരാൾക്ക് ചുമത്താൻ അധികാരമില്ല അങ്ങനെയുള്ള ഏതൊരു തെറ്റിനെയും കർശനമായ വലിയ ശിക്ഷാനടപടികൾ എടുത്ത് അവസാനിപ്പിക്കണം എന്നാണ് എൻറെ അഭിപ്രായം.
നമുക്കറിയാം കേന്ദ്രത്തിൽ ആയാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും ഒരു മന്ത്രിയോ അതുപോലുള്ള ഉന്നതനായ ഏതെങ്കിലും വ്യക്തി പോലും ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ അതിൻറെ ഉള്ളിൽ വന്നിട്ട് പറയുന്നത് എത്രയോ ഭീകരമാണ് പല ആരോപണങ്ങളും ഉണ്ടാക്കി അവരുടെ മേൽ കെട്ടിവെച്ച് ആക്രമിക്കുന്ന പ്രവണതയാണ് നടന്നുവരുന്നത് ഇതിനെ ശക്തമായി എതിർക്കണം എന്ന് തന്നെയാണ് ഞാൻ അഭിപ്രായപ്പെടുന്നത്. ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൻ കീഴിൽ എല്ലാ മനുഷ്യനും സർവ്വതന്ത്ര സ്വതന്ത്ര സ്വഭാവത്തോടെ കൂടിയുള്ള വാക്കുകളും പ്രവർത്തികളും ചെയ്തു ജീവിക്കുവാൻ ആണ് അവകാശം നൽകിയിരിക്കുന്നത് എന്ന ധാരണ വെച്ചു പുലർത്തുകയാണ് മൃഗീയ ഭൂരിപക്ഷമുള്ള ജനവിഭാഗം. ഉപാധികളിലധിഷ്ഠിതമായ ശക്തമായ ജനാധിപത്യ സംവിധാനം മാത്രമേ നമ്മുടെ സമൂഹത്തിന് നൽകിയിട്ടുള്ളു എന്ന തിരിച്ചറിവ് പലർക്കുമില്ല.
മീഡിയകൾ നടത്തുന്ന ആക്രമണത്തെ വളരെ ഗൗരവപൂർവ്വം നാം ഈ കാലഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കൂണുപോലെ മുളച്ചുപൊന്തുന്ന കുറേ മാധ്യമങ്ങൾ ഓൺലൈനിൽ ഇപ്പോൾ സജീവമാണ്. ചിലർ പച്ചത്തെറി പറഞ്ഞുകൊണ്ടാണ് ഓരോ വിഷയത്തെയും ഓരോ വ്യക്തിയേയും സമീപിക്കുന്നത് സംസ്കാര ശൂന്യതയുടെ അങ്ങേയറ്റം നിന്നുകൊണ്ടാണ് പല റിപ്പോർട്ടർമാരും ഈ മാധ്യമത്തെ കൈകാര്യം ചെയ്യുന്നത്. ഒരു മൈക്കും ഒരു രജിസ്ട്രേഷനും ഉണ്ടെങ്കിൽ ആരെയും എന്തും പറയുവാനും ചെയ്യുവാനും കഴിയും എന്നുള്ള ദാർഢ്യം അവർ വച്ചുപുലർത്തുന്നു. അവർ എന്തൊക്കെ റിപ്പോർട്ട് ചെയ്താലും അതിനെതിരെ നടപടികൾ ഉണ്ടാകില്ല എന്ന് ഒരു വിശ്വാസമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഇതെല്ലാം ഉടച്ചുവാർക്കണം. ഞാൻ കോവിഡിൻ്റെ കാര്യത്തിലായാലും, പൊതുനിരത്തിൽ ഉള്ള വിഷയങ്ങളെ സംബന്ധിച്ച് ആയാലും, റോഡിൽ തുപ്പുന്നതിന് സംബന്ധിച്ച് ആണെങ്കിലും വളരെ വ്യക്തമായി നിരന്തരമായി വർഷങ്ങളായി പറയുന്ന ഒരു കാര്യം കനത്ത ശിക്ഷാ നടപടികളിലൂടെ മാത്രമേ സമൂഹത്തിലെ കുറ്റകൃത്യം അവസാനിക്കുകയുള്ളൂ എന്നതുതന്നെയാണ്.
ഇതിനെതിരെ ഉയർന്നുവരുന്ന ആക്ഷേപം എന്താണെന്നുവെച്ചാൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുവാനുള്ള സാധ്യത ഉണ്ട് എന്നാണ്. നിലവിലുള്ള നീതിന്യായവ്യവസ്ഥയിൽ ധാരാളം പഴുതുകൾ ഇപ്പോഴുമുണ്ട് .അത് പല രൂപത്തിലും നീതി നിഷേധത്തിന് അല്ലെങ്കിൽ ആ നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിനും അങ്ങനെ ജനദ്രോഹപരമായ നടപടികൾ എടുക്കുന്നതിന് ഉന്നത അധികാരികൾക്ക് അവസരമൊരുക്കി കൊടുക്കുന്നുണ്ട് എന്നതും വസ്തുത. അതെല്ലാം പരിഹരിച്ചിട്ടു മാത്രം മതി പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ എന്നു പറയുന്നത് വിരോധാഭാസം വളരെ വ്യക്തമല്ലേ?
മനുഷ്യ ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിനും വ്യവസ്ഥയും നിയമവും ഉണ്ടായേ പറ്റൂ. എല്ലാ മനുഷ്യരിലും ധാരാളം കുടിലതകൾ നിറഞ്ഞുതുളുമ്പി നിൽപ്പുണ്ട്. അവർ തന്നെയാണ് മറ്റുള്ളവരെ കുടിലൻമാരെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്.
നിങ്ങൾ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ ഒന്ന് സ്വതന്ത്രമായി നോക്കി കാണൂ. അവരവരുടെ രാഷ്ട്രീയ പാർട്ടിയെയും അതിലെ സ്ഥാനാർഥികളെയും ഉയർത്തിക്കാട്ടുന്നത് വേണ്ടി നടത്തുന്ന പരിശ്രമം ഒന്ന് ശ്രദ്ധിക്കൂ. എതിർ രാഷ്ട്രീയ പ്രസ്ഥാനത്തിലെ സ്ഥാനാർഥികളെയും പാർട്ടിയെയും താറടിച്ചു കാണിക്കുവാൻ അവർ കണ്ടെത്തുന്ന ഹിന മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾ ഒന്നു കണ്ണു തുറന്ന് കാണൂ!
യോജിപ്പില്ല സുഹൃത്തുക്കളെ ഇതിനോട് തെല്ലും യോജിപ്പില്ല. വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞ ഒരു കാര്യം കൂടി സൂചിപ്പിക്കുകയാണ്. എല്ലാവരുടെയും മൊബൈൽ എപ്പോഴും എല്ലാവരുടെയും നേർക്ക് തിരിച്ചുപിടിക്കാൻ കഴിയണം. സ്വന്തം വീട്ടിൽ അല്ലാതെ പൊതു ഇടങ്ങളിൽ നാം പക്കാ ഡീസെൻറ് ആയിട്ടുള്ള വ്യക്തിയായി മാത്രമേ ജീവിക്കുവാൻ പാടുള്ളൂ. നാം ചെയ്യുന്ന ഓരോ ചെറിയ കുറ്റകൃത്യവും വാക്കിലോ നോക്കിലോ പോലും നടത്തുന്നത് ഏതൊരു വ്യക്തിക്കും അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുവാനും അങ്ങനെ അയാളെ ശിക്ഷാനടപടികൾക്ക് വിധേയമാക്കാനുള്ള ഒരു നിയമം ഉണ്ടാകണം എന്നാണ് ഞാൻ പറഞ്ഞത്.
മാത്രമല്ല ആദ്യം റിപ്പോർട്ട് ചെയ്യുന്ന ആൾക്ക് ഒരു ചെറിയ പാരിതോഷികം നൽകണം അതും ഈ നടപടിക്കുള്ള ശിക്ഷയും ചേർത്തുള്ള ഒരു തുക ആയിരിക്കണം കുറ്റം ചെയ്ത ആളിന് പണശിക്ഷയായി നൽകേണ്ടത്. ഇതും ഞാൻ സർവാത്മനാ യോജിക്കുന്ന നിയമം ആണ്. ഒരു ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് ആൾക്കാർ വരും അവരെല്ലാം മൊബൈലിലെ ചിത്രങ്ങൾ പകർത്തുമ്പോൾ എല്ലാരുടെയും സ്വകാര്യതകൾ പകർത്തപ്പെടുന്നു എന്ന യാഥാർഥ്യം പോലെ പൊതുവിടം ആയ ഏതൊരു സ്ഥലത്തും എല്ലാവർക്കും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് അതിരുകൾ പ്രഖ്യാപിക്കണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം.
ചുരുക്കത്തിൽ പൊതുഇടവും സ്വകാര്യഇടവും കൃത്യമായി വേർതിരിക്കപ്പെടുക തന്നെ വേണം. നിങ്ങളുടെ വിശ്വാസപ്രമാണങ്ങളും ആചാര രീതികളും തുടരുക ഞാൻ ഈ വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഈ പറയുന്ന ഭേദഗതി നിയമത്തെ 118 A എന്ന വ്യക്തമായ നിയമത്തെ സർവാത്മനാ പിന്തുണക്കുന്നു.
1️⃣
ഏറ്റവും കൂടുതൽ കർക്കശമായ നിലപാട് എടുക്കുന്ന ഒരു വിഭാഗം ആണല്ലോ മാർക്സിസ്റ്റുകൾ? ഒരു ബൂമറാങ്ങ് ആയി അത് തിരിച്ചെടുക്കില്ലേ എന്ന് ന്യായമായും അവരും സംശയിക്കുമല്ലോ? ഇനി ഒരു നാലുമാസം കൂടെ മാത്രമല്ലേ ഈ ഭരണത്തിന് നിലനിൽപ്പുള്ളൂ? അതുകൊണ്ട് ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല മാത്രമല്ല എപ്പോഴും പൗരാവകാശ നിയമത്തെയും അതുപോലെ മനുഷ്യാവകാശവും ഒക്കെ ദീർഘമായി പ്രസംഗിക്കുന്ന ഒരു വിഭാഗം ആണല്ലോ ഇവർ?
ജനദ്രോഹപരമായ കരിനിയമങ്ങൾ ഏതൊരു ഭരണാധികാരിയും എടുത്തു നടപ്പിലാക്കി ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണം ആക്കിയാൽ ഭരണകൂടത്തിന് നിലനിൽപ്പുണ്ടാവില്ലെന്ന് മാത്രമല്ല ആ ഭരണാധികാരിയെ നടുറോഡിലിട്ടു ആൾക്കാർ കൂട്ടത്തോടെ ആക്രമിക്കും എന്നതും നമ്മൾ ചരിത്രത്തിൽ ഏറെ കണ്ടിട്ടുണ്ട്.
എനിക്ക് ഇപ്പോൾ തോന്നുന്നത് യഥാർത്ഥത്തിൽ ജനങ്ങളുടെ വലിയ സ്വാതന്ത്ര്യവും അവകാശബോധം ഒക്കെയും ലേശം ഹനിക്കപ്പെടുന്ന ഒരു അവസ്ഥ പോലും അവർക്ക് ഉൾക്കൊള്ളുവാൻ സാധ്യമല്ല എന്ന ഒരു മനോനില സജീവമായി നിലനിൽക്കുന്നു എന്നാണ്.
നമുക്ക് ഇത് ഒന്ന് പരീക്ഷിക്കാം. ഇതിൻറെ ദോഷഫലങ്ങൾ ആത്യന്തികമായി സിപിഐഎമ്മിനെ ആണ് ബാധിക്കുന്നത് അതുകൊണ്ടുതന്നെ അവർ ഇതൊരു കടന്ന കയ്യായി കരുതേണ്ടത് അല്ലേ? എന്തായാലും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഈ വലിയ ദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പ്രക്രിയകൾക്ക് ഒരു കടിഞ്ഞാൺ ഇടുന്നത് പരീക്ഷണാർഥത്തിൽ പരിശോധിക്കണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം.
ഒരു നിയമവും ചോദ്യം ചെയ്യപ്പെടാതിരിക്കാൻ തക്കവിധം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇരുമ്പു മുഷ്ടി ഇല്ല എന്നുള്ളത് നമ്മൾക്ക് ഒരു കവചം തന്നെയാണ്. ഇതിനെ അങ്ങനെ കണ്ടാൽ മാത്രം മതിയാകും.
Comments
Post a Comment