2020 തെരഞ്ഞെടുപ്പ് സംന്ദശം

      നാം ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ഇവിടെ ഭരണം നടത്തുന്നത് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആണ്. ഓരോ വ്യക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ വിശ്വാസി ആയിരിക്കും. രാഷ്ട്രീയപ്രവർത്തകൻ അല്ലെങ്കിൽ പോലും അവൻ ഒരു നിശ്ചിത രാഷ്ട്രീയ പ്രസ്ഥാനത്തിന് വോട്ട് ചെയ്യുന്നവനാണ്. 


      ഒരു വിഭാഗം അത് വളരെ ചെറുതാണ്. മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അവർക്ക് താല്പര്യമുള്ള വ്യക്തികൾക്ക് വോട്ട് ചെയ്യുന്നവരാണത്. ചിലരാകട്ടെ തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പോകുന്നവർക്ക് വോട്ടുചെയ്യും. മറ്റൊരു കൂട്ടർ വികസന പ്രവർത്തനങ്ങളും അതുപോലെതന്നെ പെരുമാറ്റരീതികൾ, ഗുണങ്ങളും ദോഷങ്ങളും ഒക്കെ വച്ച് കൊണ്ട് ഒരു വിഭാഗത്തിന് വോട്ട് ചെയ്യും അല്ലെങ്കിൽ ഒരു വ്യക്തിക്ക് വോട്ട് ചെയ്യും.  അവസാനം പറഞ്ഞ ചെറിയ വിഭാഗം കൂട്ടർ വലിയ അപകടകാരികളായ സമൂഹമാണ്. ഒറ്റനോട്ടത്തിൽ നമ്മൾ പലപ്പോഴും വിചാരിക്കും അവരാണ് ശരിയായ രീതി അവലംബിക്കുന്നത് എന്ന്.  ഞാൻ തികഞ്ഞ നിഷ്പക്ഷൻ ആണ് എന്ന് പറയുന്ന ഏതൊരാളെയും നാം ഗൗരവപൂർവ്വം വീക്ഷിക്കേണ്ട ഒരാളായിരിക്കുമെന്നാണ്  എൻറെ പക്ഷം.  കാരണം അവർ ഒരു നിശ്ചിത തത്വശാസ്ത്രത്തിൽ /നിശ്ചിത ബന്ധങ്ങളിൽ വിശ്വസിക്കുന്നവർ അല്ല. അന്ന് അഴകുന്നത് അപ്പൻ എന്ന ഒരു പ്രമാണം വെച്ചുപുലർത്തുന്നവരാണ്. അത് എത്രത്തോളം അപകടകരമാണെന്നും എത്രത്തോളം അപഹാസ്യമാണ് എന്നും പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ലല്ലോ. 


     ജനാധിപത്യ ഭരണത്തിൻകീഴിൽ രാഷ്ട്രീയ പാർട്ടികൾക്കാണ് പ്രാമുഖ്യം. അതിൽ ഒട്ടും സഹിക്കാൻ പറ്റാത്ത ആൾക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു നയം മാത്രമാണ് ഭൂരിപക്ഷം വരുന്ന മലയാളികൾ എടുക്കുന്ന ഒരു രീതി.  രാഷ്ട്രീയപ്രവർത്തനം എന്നു പറയുന്നത് തികച്ചും ശുദ്ധമാക്കി കൊണ്ടുപോവുക എന്നത് ദുഷ്ക്കരമായ ഒരു വസ്തുതയാണ്. ഈ യാഥാർഥ്യത്തെ നാം തിരിച്ചറിയണം.  നമ്മുടെ മാനസിക വ്യവഹാരങ്ങൾക്ക് അനുരൂപമായ വിശ്വാസപ്രമാണങ്ങൾ ,സിദ്ധാന്തങ്ങൾ ഇവ വെച്ചുപുലർത്തി കൊണ്ടുപോകുവാൻ മാത്രമേ സാമാന്യനായ ഒരാൾക്ക് സാധിക്കുകയുള്ളൂ. 


      ഇവിടെ ഇന്ന് ഒരു മുന്നണി സംവിധാനമാണ് ഉള്ളത് അത് കേന്ദ്രത്തിൽ ആയാലും സംസ്ഥാനങ്ങളിൽ ആയാലും. ആ മുന്നണിയിൽ പെടുന്ന വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസപ്രമാണങ്ങൾ ജീവിതരീതികൾ പ്രവർത്തന ശൈലികൾ പരിപാടി നയം ഒക്കെ നമുക്ക് ഏതെങ്കിലുമൊക്കെ അഹിതം ആണെങ്കിലും ഒരു മുന്നണി എന്ന നിലയിൽ നമ്മൾ അതിൻറെ സാരാംശത്തെ ആവശ്യകതയെ സന്ദർഭത്തെ അതിലെ നമ്മുടെ വിശ്വസ്തതയെ തന്നെ ബോധ്യപ്പെടുകയും നിർബ്ബന്ധപൂർവ്വം പെടുത്തുകയും ചെയ്തു കൊണ്ട് നമ്മുടെ മനസ്സിനെ അതിനായി പരുവപ്പെടുത്തുകയും ചെയ്യും. ഇത് ജനാധിപത്യ രാഷ്ട്രീയ കൂട്ടുകെട്ടിലെ നിർബന്ധമായും ആചരിക്കേണ്ട  ഒരു ശരി നിലപാടാണ്. അപ്പോൾ പോലും ഈ രാഷ്ട്രീയത്തിൻറെ തിരിമറികളിൽപെട്ടു നമ്മുടെ ബോധമണ്ഡലങ്ങളെ ആകെ ചോദ്യം ചെയ്യുന്ന ചില സ്ഥാനാർത്ഥികൾ രംഗത്ത് ഉണ്ടായെന്നുവരാം. അവരെ നമ്മൾക്ക് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തവിധം നമ്മുടെ മനസ്സിനെ മഥിക്കുന്നു എങ്കിൽ ഇപ്പോൾ പുതിയ കാലത്ത് നോട്ട എന്ന ഒരു ബട്ടൺ നമുക്ക് നൽകിയിട്ടുള്ളത് ഉപയോഗിച്ച് അതിന് പരിഹാരം ഉണ്ടാക്കണം. 


       പക്ഷേ രാഷ്ട്രീയം ആകെ മോശമാണെന്ന് ഉള്ള ഒരു അഭിപ്രായം വെച്ചുപുലർത്തുകയും അങ്ങനെ നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത ജനാധിപത്യ സംവിധാനത്തിൻ കീഴിൽ അത്ര ഗുണകരമായ ഒരു മാനസികാവസ്ഥ അല്ല . എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ചില ഗുണവശങ്ങളും ചില ദോഷവശങ്ങളും ഉണ്ടാകും പക്ഷേ പൊതുവായി അവർ വികസനത്തിനായുള്ള നമ്മുടെ വോട്ടുകൊണ്ട് അധികാരത്തിലെത്തിയതിൻ്റെ കടപ്പാട് നിർവഹിക്കാനുള്ള ഒരു ബാധ്യത നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. അതിൻറെ ഏറ്റക്കുറച്ചിലുകളാണ് യഥാർത്ഥത്തിൽ ഒരു മുന്നണിയെ നല്ലത് എന്നും ചീത്ത എന്നും വിവക്ഷിക്കുവാൻ ഇടയാക്കുന്ന വസ്തുത. 


     ചിലർ പറയുന്നത് കേൾക്കാം എന്തിനാണ് വോട്ട് ചെയ്യുന്നത് എല്ലാം കള്ളന്മാരാണെന്ന്. അവർക്ക് അവരുടെ കീശ വീർപ്പിക്കാൻ വേണ്ടിയാണ് അധികാരത്തിലെത്തുന്നത്.  അങ്ങനെ പറയുന്നവർ തൻറെ സ്വന്തം ജീവിതം കൊണ്ട് ചുറ്റുപാടുമുള്ളവർക്ക് തങ്ങൾ വളരെ നിസ്വാർത്ഥൻ ആയിട്ടുള്ള സേവനനിരതനായ വ്യക്തിയാണെന്നും നമ്മൾ മറ്റുള്ളവർക്ക് വേണ്ടി കൂടിയാണ് ജീവിക്കുന്നതെന്നും ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ട്. അങ്ങനെയുള്ളവർ പറഞ്ഞാൽ ഒരു പരിധിവരെ നമുക്ക് ഉൾക്കൊള്ളാനാകും അല്ലാത്തവരെല്ലാം ഒരു വലിയ തെറ്റാണ്. 


      തെറ്റ് ചെയ്യുന്നവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയപ്പെടുത്തുവാൻ ഉള്ള ബാധ്യത ഒരു ജനാധിപത്യ വിശ്വാസിക്ക് ഉണ്ട്.  അങ്ങനെ നാം നമ്മുടെ അവകാശം വിനിയോഗിക്കുമ്പോൾ അത് മൊത്തത്തിൽ ഉള്ള ഒരു മുന്നേറ്റത്തിന് അല്ലെങ്കിൽ ഒരു മുന്നണിയ്ക്ക് ദോഷകരമായി ഭവിക്കുകയും  ആ മുന്നണി പരാജയപ്പെടുകയും കൂടുതൽ അനഭിമതർ ആയിട്ടുള്ളവർ അടങ്ങുന്ന മറ്റൊരു മുന്നണി അധികാരത്തിൽ എത്തുകയും ചെയ്യുന്നത് സാമൂഹ്യ ദ്രോഹം എന്ന പട്ടികയിൽപ്പെടുത്തി ചിന്തിക്കേണ്ടി വരുന്ന ഒരു വോട്ടിംഗ് സമ്പ്രദായം ആണ്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന ഒന്നായിരിക്കും ആ പ്രവർത്തി.  എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കന്മാർ മത നേതാക്കന്മാർ ഒക്കെ അഴിമതിയോ അതുപോലെ സ്വജനപക്ഷപാതം പൊതു താൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനം  തൻറെ സ്ഥാനം ഇനിയും നിലനിർത്താൻ ആവശ്യമായിട്ടുള്ള ഉപജാപങ്ങൾ സൃഷ്ടിക്കുന്നതിനും അതിനനുസരിച്ചുള്ള പൊടിക്കൈ പ്രയോഗങ്ങളും  പ്രീണന നയങ്ങളും ഒക്കെ നടത്തുന്നു എങ്കിൽ അതിനു കാരണം നമ്മൾ തന്നെയാണ്. ഒരു നല്ല സമൂഹത്തിൽ മാത്രമേ നല്ല നേതാക്കൾ ഉണ്ടാവു. നല്ല മൂല്യങ്ങൾ വച്ചുപുലർത്തുന്ന ഒരു സമൂഹത്തിൽ ഒരു കാരണവശാലും ഒരു നേതാവിന് അഴിമതി നടത്തുവാനോ അതുപോലെതന്നെ തെറ്റായ ജീവിതശൈലിയോ രാഷ്ട്രീയ പ്രവർത്തനമോ നടത്തുവാൻ സാധിക്കുകയില്ല എന്ന സത്യത്തെ തിരിച്ചറിയേണ്ടതുണ്ട്. ആദ്യം നാം നന്നാകുവാൻ  പരിശ്രമിക്കുക സ്വാഭാവികമായും നേതാക്കന്മാരും നാടും ചുറ്റുപാടും എല്ലാം നന്മയിലേക്ക് തന്നെ മാറും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  


     പലരും പറയാറുണ്ട് നോക്കൂ ട്വൻ്റി ട്വൻ്റി എങ്ങനെയാണ് എന്ന് പരിശോധിക്കുക. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളക്കുന്ന ഇതുപോലുള്ള പ്രസ്ഥാനങ്ങൾ സ്വാഭാവികമായും അവരുടെ എല്ലാ കഴിവുകളും എടുത്ത് പ്രയോഗിച്ച് അവർക്ക് സ്ഥിരമായി മുന്നോട്ടു പോകുവാനുള്ള പാത ഒരുക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയം വേണ്ട അത് മനുഷ്യസഹജമായ ഒരു വാസനയാണ്. 

 


      50 വർഷങ്ങൾ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കേരളത്തിൽ നിലനിന്നുപോരുന്നത്. സ്വാഭാവികമായും അവയിൽ ഉണ്ടായേക്കാവുന്ന ജീർണതകൾ ഓരോ വർഷവും കുടിക്കൊണ്ടിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിന് കാരണം; നമ്മൾ തന്നെയാണ് വളർന്നു ഇതുപോലുള്ള സ്ഥാനങ്ങളിൽ എത്തുന്നത്. നമ്മളുടെ ഉള്ളിലുള്ള ജീർണതകൾ നമ്മുടെ സമൂഹത്തിലെ ജീർണ്ണതകൾ ഒക്കെ തന്നെയും അതിൻറെ പ്രതിഫലം നമ്മൾ തെരഞ്ഞെടുത്തു വിടുന്ന നമ്മുടെ കൂട്ടത്തിൽ ഉള്ള ആൾക്കാരിലും ഉണ്ടാകുമെന്ന അടിസ്ഥാന പ്രമാണത്തെ നമ്മൾ മനസ്സിലാക്കുക. ഈ പറയുന്ന ട്വൻറി 20 പോലുള്ള പ്രസ്ഥാനങ്ങൾ 3 ടേമിൽ ഇരിക്കുകയാണെങ്കിൽ അവരിലും ഇതേ അവസ്ഥകൾ രൂപംകൊള്ളും എന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മുടെ ചുറ്റും ഇപ്പോൾ വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന നന്മമരങ്ങൾ ആദ്യം ഒരുവിധ ആരോപണങ്ങളും ഇല്ലാതെയാണ് വളർന്ന് വന്നത്. പിന്നീടാണ് അവരിലേയ്ക്ക് ആരോപണങ്ങളുടെ വലിയ ഒരു കൂട്ടം എത്തിച്ചേരുന്നത്. ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഇരിക്കുക എന്ന പ്രക്രിയ മാത്രമേ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നുള്ളു. ഇത് ഒരു ഉദാഹരണമായി ഞാൻ ചൂണ്ടിക്കാട്ടുകയാണ് നമ്മളുടെ ചുറ്റുപാടും ഉള്ള ഇതുപോലുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ഇങ്ങനെ തുടർച്ചയായി കുറച്ചു കാലം കഴിയുമ്പോൾ പതുക്കെപ്പതുക്കെ മൂല്യച്യുതി വന്നു ചേർന്ന് അവസാനം ആകെ മൂടിപ്പോകുന്ന അവസ്ഥ വരും. അതുകൊണ്ട് അങ്ങനെയുള്ള പ്രസ്ഥാനങ്ങളാണ് ഇനി പുതിയ കാലത്തിൻറെ ആവശ്യം എന്ന് ആരെങ്കിലും ധരിക്കുന്നുണ്ട് എങ്കിൽ അത് തികച്ചും തെറ്റാണ്. ഡൽഹിയിൽ എഎപി വളർന്നുവന്നത് അങ്ങനെയാണ്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം അതിൻറെ സംസ്ഥാന കമ്മറ്റികൾ ഉണ്ടാക്കിയെങ്കിലും അവിടെയൊന്നും വേരു പിടിക്കാൻ സാധിച്ചില്ല. AAP തന്നെ തുടക്കത്തിൽ പോലും അധികാര വടംവലിയും ഗ്രൂപ്പിസവും മൂലം ചിതറിയ വാർത്തകൾ നാം കണ്ടതാണ് അത്രേയുള്ളു ഇതിൻ്റെ ഒക്കെ ആയുസ്സ്. ചില സാഹചര്യങ്ങളിൽ ചിലയിടത്ത് ഇതുപോലുള്ള പ്രസ്ഥാനങ്ങൾ താൽക്കാലികമായി ഉയർന്നുവന്നേക്കാം അത് ഒരു വലിയ മാറ്റത്തിൻ്റെ ശംഖൊലി ആണ് എന്നൊക്കെ നമ്മൾ ധരിക്കേണ്ടതില്ല. അൻപതു വർഷക്കാലമൊക്കെ ഒരു പാർട്ടി നിലനിൽക്കുകയും ഭരണത്തിൽ വരുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അവർ തന്നെയാണ് നിലവിലും അഭിമാമ്യം എന്ന ചിന്തകളാണ് ശരി.


       എന്തു തന്നെ ആയാലും തുടർച്ചയായ ഭരണം അപൽക്കരമായ നിരവധി കുഴപ്പങ്ങൾ മുഖ്യധാരാ പ്രസ്ഥാനങ്ങളെ ചൂഴ്ന്നിറങ്ങി ബാധിച്ചിട്ടുണ്ട് എന്നതിൽ എനിക്കും മറ്റൊരു അഭിപ്രായം ഇല്ല.  ഒരു വലിയ മാറ്റം അനിവാര്യമാണ് എന്ന കാര്യത്തിൽ സംശയം ഇല്ല അത് അടിസ്ഥാനപരമായി കേരള സംസ്ഥാനത്തിൽ ഒന്നാകെ ഒരേ പൊതുബോധത്തിൽ ഉയർന്നുവരേണ്ട ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഉയർന്നു വരുക തന്നെ ചെയ്യും. അങ്ങനെ ഒന്ന് ഉണ്ടാവണം ഉണ്ടാകും എന്നുള്ള അഭിപ്രായത്തിൽ എനിക്ക് വിശ്വാസമുണ്ട്. പക്ഷേ അതുവരേക്കും നിലവിലുള്ള സാഹചര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അതനുസരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ള മാർഗം.


      കാര്യങ്ങൾ എന്തുതന്നെയായാലും നമ്മളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാതെ ഇരിക്കുന്നത് തെറ്റാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ എല്ലാവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments