കേരളത്തിൽ താരതമ്യേന മെച്ചപ്പെട്ട ഒരു ഭരണ ക്രമം ആണ് നടന്നുവരുന്നത്. ഒരു ഭരണ തുടർച്ചയുടെ എല്ലാവിധ ലക്ഷണങ്ങളും നമ്മളുടെ മുന്നിൽ വളരെ വ്യക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഒരുപാട് ആരോപണങ്ങളുമായി പ്രതിപക്ഷങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ഏതൊരു ഭരണത്തിനും ഉണ്ടാകാവുന്ന ചില ജാഗ്രത കുറവുകൾ അല്ലെങ്കിൽ സൂക്ഷ്മതയുടെ ഒരു പോരായ്മയെ വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പ് എന്ന നിലയിൽ പ്രതിപക്ഷം വളരെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. അത് ജനാധിപത്യ സമ്പ്രദായത്തിൽ കീഴിൽ ഒരു രാഷ്ട്രീയ മുന്നണിയോ രാഷ്ട്രീയ പാർട്ടിയോ ഒക്കെ ചെയ്തുവരുന്ന കേവലം ഒരു പ്രക്രിയ മാത്രമാണ്. അത് ന്യായമായും തുടരുവാൻ അവർക്ക് അവകാശമുണ്ട്. പക്ഷേ അവരെ സന്തോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്നത് കേന്ദ്ര ഗവൺമെൻറ് ഏജൻസികൾ കേരളത്തിലെ ഭരണ സംവിധാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന ഈ വേളയിൽ പിടിമുറുക്കിയിരിക്കുന്നു എന്നതാണ്. തെറ്റ് ഉള്ളത് ചുരണ്ടി എടുക്കുകയും അത് ആവശ്യമായ രീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കി എന്തെങ്കിലും ഗുരുതരമായ രോഗം ഉണ്ടെങ്കിൽ അതിന് ചികിത്സ തക്കതായ രീതിയിൽ ചെയ്യുകയും വേണം എന്നതിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ല.
നിർഭാഗ്യകരമെന്ന് പറയട്ടെ ഇവിടെ കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ അങ്ങനെ ഒരു സദുദ്ദേശപരമായ ലക്ഷ്യത്തിന് വേണ്ടി അല്ല എന്നതാണ് ഓരോ ദിവസവും നമ്മുടെ മുന്നിൽ വരുന്ന വാർത്തകളിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നത്. ഇത്രയും നാള് വളരെ ഗഹനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിരന്തരമായി ചോദ്യത്തിനും തെളിവെടുപ്പിനും വിധേയമാക്കിയിട്ടു പോലും തങ്ങൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് തെളിവുകളെ കൊണ്ടുചെന്ന് സ്ഥാപിക്കുവാൻ കഴിയുന്നില്ല എന്ന ഒരു ദുരവസ്ഥ അന്വേഷണ ഏജൻസികൾക്ക് ഉണ്ട് എന്നാണ് ഈ അടുത്ത ദിവസങ്ങളിൽ നമ്മുടെ മുന്നിൽ വരുന്ന വാർത്തകളിൽ നിന്ന് യുക്തിസഹമായി ചിന്തിച്ചാൽ മനസ്സിലാക്കുവാൻ കഴിയുന്നത്. ഇത് അത്യന്തം അപകടകരവും ഫെഡറൽ സംവിധാനത്തിന് നിരക്കാത്തതുമാണ്. എൻറെ ഊഹം ശരിയാണെങ്കിൽ ഇത് ഭരണത്തിൻറെ മുഖ്യ സിരാ കേന്ദ്രമായിട്ടുള്ള മുഖ്യമന്ത്രി അടക്കമുള്ള ഓരോ പ്രമുഖ വ്യക്തിത്വങ്ങളുടെയും അടുക്കലേക്ക് ഇതിൻറെ വേരുകൾ കൊണ്ടുചെന്നു എത്തിക്കുക എന്ന സുപ്രധാനമായ ഒരു നയചാതുര്യം ആണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുതയാണ് വെളിവാക്കുന്നത്. ഇതിനായി നിലവിലെ പിടിക്കപ്പെട്ടിരിക്കുന്ന പ്രതികളെ പലരെയും മാപ്പ് സാക്ഷികളാക്കി മാറ്റുന്നതിനും മറ്റു പ്രതികളെ ദീർഘകാലം ചോദ്യം ചെയ്ത് അവരുടെ മാനസിക ഘടനയെ ആകെ തകർത്തു അവസാനം അവരുടെ നിലനിൽപ്പി നേയും മാനസികവ്യാപാരത്തേയും ഘടനയേയും അപകടത്തിലാക്കി അതിൽ നിന്ന് രൂപപ്പെടുന്ന ഭയവും അസ്ഥിരതയും ശാരീരിക-മാനസിക ശേഷിയുടെ തകർച്ചയും മുതലെടുത്ത് ഇതിൻറെ തെളിവുകൾ സംസ്ഥാന സർക്കാരിൻറെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാനുള്ള വളരെ ഗൂഢമായ ഒരു പരിശ്രമം നടന്നു വരുന്നു എന്ന് ഞാൻ ന്യായമായും ഭയപ്പെടുന്നു. ഒരു മനുഷ്യന് ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒന്നാണ്. ഓരോ ദിവസം കഴിയുംതോറും നമ്മളുടെ മാനസികനില വളരെ വളരെ ദുർബലമായി പോയിക്കൊണ്ടിരിക്കും. വളരെ വലിയ പ്രൊഫഷണലുകൾ നിരന്തരമായി അനേക വർഷക്കാലം ഇത്തരം ചോദ്യാവലിയുമായി വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളുമായി ഗവേഷണം നടത്തി വളരെ വൈദഗ്ധ്യം നേടിയിട്ടുള്ള ഒരു നീണ്ട നിരയുടെ നിരന്തര ചോദ്യംചെയ്യലിനു വിധേയമാകുവാനോ പിടിച്ചു നിൽക്കുവാനോ തക്കവണ്ണം സാധാരണ ഒരു മനുഷ്യന് യാതൊരു ശേഷയും ഉണ്ടായിരിക്കുകയില്ല എന്ന യാഥാർഥ്യത്തെ നാം കാണേണ്ടതുണ്ട്. ഒരു മനുഷ്യന് അവൻ എത്രതന്നെ വലിയവനായാലും എത്രതന്നെ ബുദ്ധിശക്തിയുള്ള ആളായാലും തന്ത്രങ്ങൾ മെനയാൻ പ്രാപ്തിയുള്ള ആളായാലും പോലും ഇത്രയും നീണ്ട കാലത്തെ ഇത്രയും അതിസമർഥമായി പ്രവർത്തിച്ചു വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഒരു വലിയ നിരയുടെ ചോദ്യം ചെയ്യലിന് വിധേയമായി പിടിച്ചു നിൽക്കുവാൻ യാതൊരുവിധ സാധ്യതയും മനുഷ്യമനസ്സിൻ്റെ ശാരീരികശാസ്ത്രത്തിൻ്റെ അറിവു നൽകുന്ന ഒരു സിദ്ധാന്തവും ഉറപ്പു നൽകുന്നില്ല എന്നു മാത്രമല്ല ഒരു കാരണവശാലും ഇത് ഒരു മനുഷ്യനും പിടിച്ചു നിൽക്കുവാൻ ഇത്രയും ദിവസം കഴിയില്ല എന്ന നഗ്നസത്യത്തെ വെളിവാക്കുകയും ചെയ്യുന്നു.
ഇതാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇത്രയും ദിവസങ്ങളും ആഴ്ചകളും ആയി അവർ പരിശോധിച്ചു കൊണ്ടിരിക്കുന്ന പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ വസ്തുത. ഇനിയുള്ള ഓരോ ദിവസവും എപ്പോൾ വേണമെങ്കിലും ഈ പ്രതികൾ അവരുടെ ആവശ്യത്തിന് അനുസരിച്ച് മൊഴി നൽകുവാൻ ഇടയാക്കുന്ന ഒരു സ്ഥിതിവിശേഷത്തിൽ എത്തിച്ചേരും എന്ന് തന്നെയാണ് ഞാൻ ന്യായമായും ഭയപ്പെടുന്നത്. ഇതുതന്നെയാണ് മനുഷ്യമനസ്സിൻ്റെ ശരീരത്തിൻ്റെ ശാസ്ത്രത്തിൽ വളരെ വ്യക്തമായി പറയുന്നതും.
തെറ്റ് ചെയ്തിട്ടുള്ള ഏതൊരുത്തനും തുറുങ്കിൽ അടയ്ക്കപ്പെടണമെന്നത് ന്യായം എന്നതാണ് ഒരു സാമാന്യ മനുഷ്യനെ സംബന്ധിച്ചിടത്തോളം നീതിബോധമുള്ള സമൂഹത്തെ സ്നേഹിക്കുന്ന ഒരു ആളിനെ സംബന്ധിച്ചിടത്തോളം അഭികാമ്യം ആയിട്ടുള്ളത്. അങ്ങനെ തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. ആ അർത്ഥത്തിൽ നീതിന്യായ വ്യവസ്ഥയെയും അന്വേഷണ ഏജൻസികളെയും ഞാൻ മനസ്സിലാക്കുകയും കണക്കിലെടുക്കുകയും ഇതുവരെ ചെയ്തിട്ടുള്ളത്. അത് അങ്ങനെതന്നെ പരിരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഞാൻ മാനസികമായും അല്ലാതെയും ആഗ്രഹിക്കുന്നതും.
എൻറെ നിഗമനം ശരിയാണെങ്കിൽ അടുത്ത ഒരാഴ്ചയ്ക്ക് ഉള്ളിൽ ഇതിൻറെ പരിസമാപ്തി ഉണ്ടാകുമെന്നാണ് കരുതുന്നത്. ആരെയും അന്ധമായി വിശ്വസിക്കുന്ന ഒരു പ്രവണത അല്ലെങ്കിൽ ഏതെങ്കിലും ഒരു ആശയത്തെ തത്വത്തെ അന്ധമായി വിശ്വസിക്കുന്ന ഒരു പ്രവണത ഞാൻ ഉപേക്ഷിച്ചിട്ട് അനേക വർഷങ്ങളായി. പക്ഷേ ഇവിടെ അസ്വാഭാവികമായ ഒരു അപകടത്തെ ഒരു ദുരന്തത്തെ ഞാൻ മുന്നിൽ കാണുന്നു എന്ന ഒരു വസ്തുത ഇവിടെ കിടക്കട്ടെ എന്നുള്ള ഒരു ബോധ്യത്തിൽ നിന്നാണ് ദീർഘമായ ഈ നോട്ട് ഞാൻ എഴുതുന്നത്. അതുകൊണ്ടുതന്നെയാണ് കുറച്ച് കാലമായിട്ട് രാഷ്ട്രീയ വിശ്വാസങ്ങളിലെ അതിൻറെ നയങ്ങളിലെ പരിപാടികളിൽ എനിക്ക് പൂർണമായി ഉള്ള വിശ്വാസം നഷ്ടപ്പെട്ടത്. സത്യവും ധർമ്മവും നീതിയും ഒക്കെയാണ് അന്തിമമായി വിജയിച്ചു വരേണ്ടത് എന്നതാണ് എൻറെ അടിസ്ഥാന വിശ്വാസം. അങ്ങനെ തന്നെ ഇവിടെയും സംഭവിക്കട്ടെ എന്നാണ് ഞാൻ ന്യായമായും ആഗ്രഹിക്കുന്നത്. ദുസ്സൂചനകൾ അങ്ങനെതന്നെ മാത്രമായി പരിണമിക്കട്ടെ എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് ഈ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഈ അടുത്തകാലത്ത് നടന്നിട്ടുള്ള ഭരണത്തിൻറെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് കേരള സർക്കാർ എന്ന യാഥാർത്ഥ്യത്തിൽ നിന്ന് കൊണ്ട് മാത്രമാണ് ഞാൻ ഈ ഒരു ആവശ്യം നടത്തുന്നത്. ഞാൻ പറഞ്ഞതുകൊണ്ട് എല്ലാവരും വോട്ടുചെയ്യുമെന്ന മൂഢ വിശ്വാസം എനിക്കില്ല. പക്ഷേ ചില യാഥാർത്ഥ്യങ്ങളെ നമുക്ക് വിസ്മരിക്കാനാവില്ല അത് പറയാതിരിക്കാൻ ആവില്ല. ഓരോ പഞ്ചായത്ത് ഭരണത്തെ സംബന്ധിച്ചും അറിയില്ല. എനിക്ക് വളരെ അടുത്തറിയാവുന്ന പഞ്ചായത്തുകളിലെ പ്രവർത്തനങ്ങളെ കുറിച്ച് മാത്രമാണ് ഞാൻ പറയുന്നത്. അത് ഒരു പരിച്ഛേദമാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് എന്ന് സൂചിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഏതൊരു രാഷ്ട്രീയ വിശ്വാസിക്കും അവരുടെ മുന്നണി അധികാരത്തിൽ വരണം എന്ന് വളരെയധികം ആഗ്രഹം ഉണ്ടാകും പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നിലവിൽ ഒരു രാഷ്ട്രീയ അന്ധത വെച്ചുപുലർത്തുന്ന ആളല്ല. കുറച്ച് മെച്ചമായ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് മാത്രം ഞാൻ ഈ കുറിപ്പ് എഴുതി എന്നേയുള്ളൂ.
എല്ലാവർക്കും എൻറെ അഭിവാദ്യങ്ങൾ...!
Comments
Post a Comment