ശംഖുമുഖം മത്സ്യകന്യകയും ഹെലികോപ്റ്ററും

 സമാദരണീയരായ കലാകാരേ,


ഗ്രേറ്റ് ആർട്ടിസ്റ്റ് കാനായി കുഞ്ഞിരാമൻ സാറിൻറെ  തിരുവനന്തപുരം ശംഖുമുഖത്തും വേളിയിലും ഉള്ള  ശില്പത്തെ അവഹേളിക്കുന്ന പ്രവണതകൾ തുടർച്ചയായി കടന്നു വന്നിരിക്കുകയാണ്. കലാകാര സമൂഹം മാത്രമല്ല കലയെ സ്നേഹിക്കുന്ന, സമൂഹത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതാണ്.


 ടൂറിസം സാധ്യതകളെ മുൻനിർത്തിക്കൊണ്ട് ഒരു പ്രദേശത്ത് കലയുടെ സാധ്യതകൾ പരമാവധി വിനിയോഗിച്ചു കൊണ്ട് ഒരു   പ്രദേശം രൂപകല്പന ചെയ്യുമ്പോൾ അത് തുടർന്ന് പരിരക്ഷിക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു സമഗ്ര - വിദഗ്ദ്ധ - കമ്മിറ്റിയെ കൂടി ഉണ്ടാക്കി കൊണ്ടായിരിക്കണം അതിൻറെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുവാൻ.  അവിടെ തുടർന്നു വരുന്ന ഓരോ വികസന പ്രവർത്തനങ്ങളും നടത്തുമ്പോൾ കമ്മിറ്റിക്ക് പുറത്തുള്ള വിദഗ്ദ്ധ കലാ പ്രവർത്തകരുമായി കൂടി ആലോചിച്ചും അവിടെ നേരത്തെ ശില്പങ്ങൾ അല്ലെങ്കിൽ ആ പ്രദേശത്തെ വളരെ കൃത്യമായ ഒരു രൂപരേഖയിൽ നിർമ്മിച്ച ആളിനെ കൂടി കണ്ടു ആവശ്യമായിട്ടുള്ള ഉപദേശങ്ങൾ തേടി കൊണ്ടായിരിക്കണം ആ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.


 ഫണ്ട് ഉണ്ടെങ്കിൽ ഏതൊരു കലാ നിർമാണപ്രവർത്തനവും നടത്തുന്നതിന് ഏതൊരു ഭരണകൂടത്തിനും യാതൊരുവിധ പ്രയാസവുമില്ല പക്ഷേ അത് അതേ രീതിയിൽ കൃത്യമായ രൂപരേഖയിൽ നിന്ന് ഒരു വ്യതിചലനവും ഉണ്ടാകാതെ തുടർനാളുകളിൽ പരിരക്ഷിച്ചു പോരുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. 


 നിർമ്മാണപ്രവർത്തനങ്ങൾ പല കമ്മറ്റികളും നടത്തുന്നത് അതിൻറെ പേരിൽ കുറച്ച് പണം സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പലപ്പോഴും ചിലരെങ്കിലും.  പിന്നീട് അത് സംരക്ഷിക്കുന്നതിനുള്ള ജാഗ്രത അതുകൊണ്ടുതന്നെ അവർക്ക് ഉണ്ടാവില്ല കുറച്ചുകാലം കഴിഞ്ഞ് അവർ അവിടെ നിന്ന് മാറി പോയി കഴിയുമ്പോൾ പുതുതായി വരുന്ന ഭരണ സാരഥികൾക്ക് / വ്യക്തികൾക്ക് / ഉദ്യോഗസ്ഥർക്ക്  പ്രത്യേകിച്ച് കലാബോധം യാതൊന്നും ഇല്ലാത്തവർ ആണെങ്കിൽ തീർച്ചയായിട്ടും അവരത് അവഗണിച്ച് കളയും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ടാണ് ഒരു വിദഗ്ധ സമിതി; ആ പ്രദേശത്ത് സ്ഥിരമായി ഉള്ള കലാ പ്രവർത്തകരെ അടക്കം ചേർത്ത് ഉണ്ടാക്കണം എന്ന് പറഞ്ഞതിൻ്റെ സാരാംശം.


 ശംഖുമുഖത്തെ കാനായിയുടെ ശിൽപം ഒരു ചിപ്പിക്കുള്ളിൽ കിടക്കുന്ന മത്സ്യകന്യകയാണ്. അതിൻറെ പകുതി ഭാഗം ആണ് കുറച്ച് ഉയർന്നു നിൽക്കുന്നത്. ഇത് കണ്ട് ആസ്വദിക്കുന്നതിന് പറ്റുന്ന വിധത്തിൽ ആണ് അവിടെ മൊട്ടകുന്നുകൾ കാനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 


 ആ മൊട്ടക്കുന്ന് ഉണ്ടാക്കിയിരിക്കുന്നത് കടൽ മണ്ണും അതുപോലെതന്നെ ടൈറ്റാനിയത്തിലെ പൊടിയും ചേർന്നുള്ള ഒരു പ്രതലത്തിനു മുകളിലായി പുല്ലുകൾ പിടിപ്പിച്ചു  മനോഹരമാക്കി ആൾക്കാർക്ക് ഇരിക്കുവാൻ ആസ്വദിക്കുവാൻ പറ്റുന്ന വിധത്തിൽ ആണ് രൂപകല്പന ചെയ്തത്. അത് കുത്തിപ്പൊളിച്ച് അതിനുള്ളിലുള്ള പൊടിപടലങ്ങൾ മുഴുവനും ആ പ്രദേശം മുഴുവനും പരത്തി കാനായിയുടെ വർക്കുകളുടെ എല്ലാ ഭാഗത്തും ഈ പൊടികൾ കൊണ്ട് നിറച്ചിരിക്കുകയാണ്. അവിടെ ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോമിലാണ് ഒരു യുദ്ധത്തിൽ പങ്കെടുത്ത ഹെലികോപ്റ്റർ എന്ന ഖ്യാതി പരത്തി ഇതിൻറെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഒരു ഡിസ്പ്ലേ ബോർഡ് വെച്ചു കൊണ്ട് ഹെലികോപ്റ്റർ അവിടെ സ്ഥാപിച്ചിരിക്കുന്നത്. 


 കടലിലെ പ്രക്ഷുപ്തമായ അന്തരീക്ഷത്തിൽ നിന്ന് മോചനം നേടുവാൻ സമാധാനത്തിനും ശാന്തിക്കും വേണ്ടി പച്ചവിരിച്ച മുട്ട കുന്നുകളുടെ ഇടയിൽ ഒരു  ഒരു ചിപ്പിയെ കിടക്ക ആക്കി ഒരു മത്സ്യകന്യക സമാധാനപരമായി അവിടെ വിശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത്  മൊട്ട കുന്നിൻറെ മുകളിൽ ഹുങ്കാര ശബ്ദത്തോടെയും അലർച്ചയോടു കൂടി തെറി വിളിച്ച് ഒരു ഹെലികോപ്റ്റർ വന്ന് ഇറങ്ങിയിരിക്കുന്നത്. എന്തൊരു വിരോധാഭാസം ആണ് ഇത്. ഒരു ശില്പ ത്തിൻറെ കൺസെപ്റ്റിനെ ആകെ തകർത്തു തരിപ്പണമാക്കുന്ന മറ്റൊരു  വികല നിർമ്മാണം. "വേണമെങ്കിൽ യുദ്ധവും സമാധാനവും എന്ന ഒരു ബോർഡ് കൂടി അതിൻറെ നടുക്ക് സ്ഥാപിക്കാവുന്നതാണ്."


 നമ്മുടെ മുതുകത്ത് / മുഖത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനി ചാപ്പകുത്തിയതിന് തുല്യമാണിത്.  കാനായി സാർ ചെയ്ത ഒരു വർക്കിൻ്റെ തലയിൽ കൊണ്ടുവന്ന് ഒരു ഹെലികോപ്റ്റർ വെച്ചിരിക്കുന്ന ഔചിത്യത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ! കലാ ബോധത്തിൻ്റേയും സൗന്ദര്യ ബോധത്തിൻ്റേയും ഒരു തരിമ്പ് എങ്കിലും നിങ്ങളിലുണ്ടോ എന്ന് പൊതുസമൂഹം ചോദിക്കുമ്പോൾ ഒരു ഉളുപ്പുമില്ലാതെ നിൽക്കുവാൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം?



 അത്തരം എന്തെങ്കിലും ധാരണ നിങ്ങൾക്ക് ഉണ്ടോ എന്നത് ഞങ്ങൾ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഒന്നല്ല. അതിൻ്റെ കാരണം അവസാനം പറയും.


 വേളിയിൽ സംഭവിച്ചത് മറ്റൊന്നാണ്.  ഒന്നിനും കൊള്ളാത്ത ഒരു ചതുപ്പ് പ്രദേശം ഉണ്ട് അവിടെ നിങ്ങളുടെ കലയ്ക്ക് എന്തെങ്കിലും സാധ്യതകൾ ഉണ്ടോ എന്ന് കാനായി സാറിനോട് ചോദിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വേളി എന്ന ടൂറിസ്റ്റ് പോയിൻറ് ഉയർന്നുവന്നത്. 


 ഭീകര വൈരൂപ്യത്തിൽ നിന്ന് സൗന്ദര്യത്തിൻ്റെ മഹത്തായ ഒരു ദൃശ്യകവിതയാണ്  കാനായി എന്ന ഭാരത ശില്പി അവിടെ എഴുതി വച്ചത്.  വലിയ ഒരു ഭൂക്യാൻവാസിൽ  ചാരുതയാർന്ന ഒരു ലാൻഡ്സ്കേപ്പ് അദ്ദേഹം അവിടെ വരച്ചു വച്ചു. ഒന്നുമില്ലായ്മയിൽ നിന്നു സൃഷ്ടികർമം നടത്താൻ കഴിയുന്ന ചൈതന്യപ്രവാഹം ആണ് അദ്ദേഹം.  അവിടെയും അദ്ദേഹം ചെയ്തു വെച്ച ഒരു കുന്നിൻമുകളിൽ ഒരു റെയിൽവേ സ്റ്റേഷനും ഒരു ടോയി ട്രയിനും ഒക്കെ സ്ഥാപിച്ച ഒരു കലാബോധത്തെ സാഷ്ടാംഗം നമസ്കരിക്കുന്നു.


 നമ്മൾ ഒരു ചിത്രം വരച്ചു വിറ്റാൽ വാങ്ങിയ ആൾ വേറൊരു ആർട്ടിസ്റ്റിനെ കൊണ്ട് ആ ചിത്രത്തിൻറെ നടുക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ള അമ്മയുടെയോ അച്ഛൻറെയോ ദൈവത്തതിൻ്റേയോ  പടം വരച്ചു വെച്ചാൽ എന്തായിരിക്കും അയാളെക്കുറിച്ച് നമ്മൾക്കുള്ള ധാരണ?


തെരഞ്ഞെടുപ്പിൻ്റെ ഒരു പോസ്റ്ററിനുപുറത്ത് വേറൊരു പോസ്റ്റർ ഒട്ടിക്കുകയോ ഒരു ബോർഡ് മറയുന്ന വിധത്തിൽ വേറൊരു രാഷ്ട്രീയക്കാരൻ തോരണം കെട്ടുകയോ ചെയ്താൽ അവരുടെ കൈ വെട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആണ് കേരളത്തിലുള്ളത്.  ആ മിനിമം ബോധം എങ്കിലും കാനായി സാറിൻറെ ഈ വർക്കുകളോട് കാണിക്കുവാൻ കഴിഞ്ഞുവോ? യഥാർത്ഥത്തിൽ ഇത് അറിയാത്തവരല്ല എന്നതല്ലേ ഞാൻ തെരഞ്ഞെടുപ്പ് പോസ്റ്ററിൻ്റേയും ബാനറിൻ്റേയും കാര്യം സൂചിപ്പിച്ചതിലൂടെ നിങ്ങളെ ബോദ്ധ്യപ്പെടുത്തിയത്?  ഇനിയും മനസ്സിലായില്ല എന്നുണ്ടോ?


 കലാകാര സമൂഹം ഒന്നിച്ച് പറയുകയാണ്  എത്രയും പെട്ടെന്ന് ഈ വികല നിർമ്മാണപ്രവർത്തനം പൊളിച്ച് മാറ്റി  പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന്.  എത്രയോ വിശാലമായ കടപ്പുറം ആണ് ശംഖുമുഖത്ത് ഉള്ളത് അവിടെ ഈ ശിൽപ്പത്തിൻ്റെ ഭാഗമായി നിർമ്മിച്ച ആ കുന്നിൻ മുകളിൽ തന്നെ പ്രതിഷ്ഠിക്കണമായിരുന്നുവോ ഈ യുദ്ധ ശകടത്തിനെ? 


 ലേശം സാമാന്യബോധം ഒക്കെ ആകാം കേട്ടോ? കൊറോണാ പ്രോട്ടോകോൾ ലംഘിച്ച് ആയിരക്കണക്കിന് വരുന്ന കലാകാര സമൂഹം നിരാഹാര സമരം അടക്കമുള്ള പ്രതിഷേധ സമരങ്ങൾ ആ യുദ്ധശകടത്തിന് ചുറ്റും അരങ്ങേറുന്ന ഒരു അവസ്ഥാവിശേഷം സൃഷ്ടിക്കരുതെന്ന് ഉത്തരവാദിത്തപ്പെട്ടവരോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്.  ഇത് അനീതിയാണ്, ഇത് കടന്നുകയറ്റമാണ്, ഇത് ഫാസിസത്തിൻ്റെ വേറൊരു മുഖം കൂടിയാണ് എന്ന് വ്യക്തമായി ഓർമ്മപ്പെടുത്തുകയാണ്. 



സർക്കാരിനെതിരല്ല ഈ സമരങ്ങൾ മറിച്ച് തെറ്റായ രീതിയിൽ ബോധ ശൂന്യമായി ഇത് കൈകാര്യം ചെയ്ത വ്യക്തികളോടാണ്. 


 ആരാണ് ഈ കൊടും പാതകത്തിന് ചുക്കാൻ പിടിച്ചത്? അവർക്ക് എതിരെ നടപടി എടുക്കുവാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും അതുപോലെതന്നെ സാംസ്കാരിക വകുപ്പ് മന്ത്രിയും കൂടി ആലോചിച്ച് തീരുമാനിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.  നമ്മുടെ സാംസ്കാരിക പൈതൃകത്തിൻ്റെ മുഖത്ത് കാറി തുപ്പുന്ന ഈ നടപടി ചെയ്തവരിൽ/കമ്മിറ്റിയിൽ നിന്നും തന്നെ ഇതിനുള്ള സാമ്പത്തികം ശിക്ഷിച്ചു കണ്ടെത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കണം എന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.


 ഏറെ ബഹുമാനപ്പെട്ട ജോണി എം എൽ സാറിനോട്,


 അങ്ങ് എല്ലാ ദിവസവും തന്നെ സൈക്കിൾ റൈഡിംഗ് നടത്തുന്ന ഒരു ആരോഗ്യ പ്രേമിയാണ്. ശംഖുമുഖത്ത് നിൽക്കുന്ന പല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് ഫേസ്ബുക്കിൽ. അങ്ങാണ് ഈ വിഷയം ആദ്യമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി എൻറെ ശ്രദ്ധയിൽപെട്ടത്. നിരന്തരം പോസ്റ്റുകൾ ചെയ്യുന്ന ഒരാളുടെ വായനക്കാരൻ എന്ന നിലയിൽ മാത്രമാണ് ഞാൻ അതിനെ കണ്ടത്. ഇത്ര ഭീകരമായ ഒരു അവസ്ഥ സംജാതമായിരിക്കുന്നു എന്ന ഒരു ബോധ്യത്തിലേക്ക് ആ വായന എന്നെക്കൊണ്ടുചെന്ന് എത്തിച്ചില്ല.


 സാറ് ഒരു പോസ്റ്റ് ഇട്ടതിൻ്റെ അപ്പുറത്തേക്ക് എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇതിനെ സംരക്ഷിക്കുവാനും അനധികൃത കയ്യേറ്റത്തെ തടയുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് എന്നും എഴുതി കണ്ടില്ല.  അതുകൊണ്ടുതന്നെ എന്നെപ്പോലുള്ള വായനക്കാർക്ക് ഇതൊരു മഹാ ദുരന്തമായി ബോധ്യപ്പെട്ടില്ല.  തിരുവനന്തപുരത്തിൻ്റെ ഹൃദയഭാഗത്ത് താമസിച്ച് എല്ലാം വളരെ വ്യക്തമായി ബോധ്യപ്പെട്ടു കൊണ്ടിരുന്ന ഒരു ആളെന്ന നിലയിൽ മാത്രമല്ല അങ്ങേയ്ക്കുള്ള വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞില്ല എന്ന ഒരു ദു:ഖം ആണ് എനിക്കുള്ളത്.


 ഒരുപക്ഷേ ഏതെങ്കിലും നടപടികൾ അങ്ങ് ചെയ്തിട്ടുണ്ടാകും എന്ന് ഞാൻ ന്യായമായും പ്രതീക്ഷിക്കുന്നു അത് അറിയുവാൻ ആഗ്രഹമുണ്ട്. മാത്രമല്ല ഈ കാര്യത്തിൽ വലിയ ഒരു മൂവ്മെൻ്റ് നമ്മുടെ കേരളത്തിൽ രൂപപ്പെടുത്തുവാൻ കഴിയുന്ന വിധത്തിൽ അതിന് നേതൃത്വപരമായ പങ്കു വഹിക്കണമെന്നു കൂടി ഞാൻ വിനീതമായി അപേക്ഷിക്കുന്നു. 


കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഇതുസംബന്ധിച്ച് ഒരു വലിയ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുവാൻ പോവുകയാണ്. അങ്ങയെ പോലുള്ളവർ കൂടുതൽ വ്യക്തമായ ഒരു ധാരണയോടു കൂടി കേരളത്തിലെ ചിത്രകലാ സംഘടനകളേയും ചിത്രകാര സമൂഹത്തെയും ആകെ കൂട്ടി ചേർത്ത് കൊണ്ടുപോകുന്ന ഒരു ഇടപെടൽ നടത്തണം എന്നുകൂടി വിനീതമായി അപേക്ഷിക്കുന്നു.


Save Kanai's Art


Comments