1.
കല പ്രാദേശികമല്ല. അത് സാർവ്വദേശീയമാണ്. sharing art ആണ് ഉള്ളത് അല്ലങ്കിൽ Transfered or Representative art മാത്രമാണ് യാഥാർത്ഥ്യം.
കേരളയീയ കല മ്യൂറൽ പെയിൻ്റിംഗ് ശൈലിയാണ്. അതും മറ്റ് പല സംസ്ഥാനങ്ങളിലേയും, രാജ്യങ്ങളിലേയും ചിത്രണ രീതിയുമായി സാദൃശ്യബന്ധമുള്ളതുമാണ്.
അക്രിലിക്ക്, ഓയിൽ, ഗോഷേ എല്ലാം മാറ്റി വച്ച് പ്രകൃതിദത്ത നിറങ്ങളും ടെമ്പറയുമൊക്കെയായി കഴിഞ്ഞാൽ മതിയോ?
2.
ഇത് തൃശൂർ, കൊടുങ്ങല്ലൂരിലെ,പുല്ലുറ്റ് കെ. നാരായണമേനോൻ . കെ.മാധവമേനോന്റെ സമകാലികനും സുഹൃത്തുമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ലോഗോ ഇദ്ദേഹത്തിന്റെ രചനയാണ്. 1973 ൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. അന്ന് പത്രത്തിൽ വന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഞാനും അദ്ദേഹവുമായി നേരിട്ട് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ കലാവഴിയിൽ സ്വാധീനം ചെലുത്തിയ ആദ്യ പേരുകാരിൽ ഒന്ന് ഇതാണ്. അന്ന് ഞാൻ പെൻസിൽ കൊണ്ട് കുത്തിവരയ്ക്കാൻ തുടങ്ങിയിട്ടേയുള്ളു. മറ്റ് കലാകാരന്മാരെപ്പോലെ ചെറുപ്പത്തിൽ സർഗ്ഗവാസന പ്രകടിപ്പിച്ചിരുന്നയാളല്ല ഞാൻ. സാഹസിക കലകളിലായിരുന്നു എനിക്ക് താല്പര്യം. 20 വയസ്സ് കഴിയുമ്പോഴാണ് ഞാൻ ഇതിലേയ്ക്ക് തിരിയുന്നത്. അക്കാലത്ത് എന്നെ പ്രചോദിപ്പിച്ചവരാണ് രവിവർമ്മയും, KCS പണിക്കരും, മാധവ -കരുണാകര- മേനോന്മാർ, കാരക്കാമണ്ഡപം വിജയകുമാർ സാർ, SL. ലാരിയോസ് മാസ്റ്റർ, പുണിഞ്ചിത്തായ, പ്രാദേശിയരായ പങ്ക്രേഷ്യസ്‌സർ , KA രവി സാർ എന്ന രവിശങ്കർ (രണ്ടു പേരും എന്നേക്കാർ 2 വയസ്സിനു മാത്രം മൂത്തതും), പൂങ്കാവിലെ അഗസ്റ്റിൻ സാർ, ചെട്ടികാട് റാഫേൽ സാർ, (ജ്യോൺസൺ കാട്ടൂരും, ഏലിയാസ് തുമ്പോളിയും എന്നേക്കാൾ ഇളയവരും) തുടങ്ങിയ ഒരു നിര . 1979ൽ ആണ് ഞാൻ പളനി സാറിന്റെ കേരളാ ഫൈൻ ആർട്സിൽ പഠിക്കുന്നതിന് ചേർന്നത്.
അന്ന് പത്രത്തിൽ വന്ന ഈ ചിത്രം ഒരു നിധിപോലെ ഞാൻ കാത്തു സൂക്ഷിച്ചു വന്നു. എത്ര പ്രാവശ്യം ഞാൻ ഇത് നോക്കിയിട്ടുണ്ട് എന്നതിന് കണക്കില്ല .രണ്ടു പ്രാവിശ്യം അത് നോക്കി വരയ്ക്കുവാൻ ഞാൻ 80കളിൽ പരിശ്രമിച്ച് പരാചയപ്പെടുകയും ചെയ്തു. മറ്റൊന്ന് മല്ലപ്പള്ളി സ്ക്കൂളിലേയ്ക്ക് പോകുമ്പോൾ റബർത്തോട്ടങ്ങളുടെ, പാറയുടെ, നീർച്ചാലുകളുടെ, വെട്ടുവഴികളുടെ ഒക്കെ ഇടയിൽക്കൂടി പോകുമ്പോൾ ഈ ചിത്രം മനസ്സിലേക്ക് എന്നും കടന്നു വരും.
കഴിഞ്ഞ ദിവസം എന്റെ നൂറുകണക്കിനായ പുസ്തക ശേഖരം, കേരളാ ഫൈൻ ആർട്സിൽ പഠിച്ചിരുന്നപ്പോഴും പിന്നീട് പളനി സാറിനെ വീട്ടിൽ ചെന്നു കണ്ട് എഴുതിക്കൊണ്ടു ചെല്ലുന്ന ചോദ്യങ്ങൾക്ക് അനുസൃതമായി സംശയ നിവൃത്തി വരുത്തി പഠിക്കുമ്പോഴും ചെയ്ത രചനകൾ, കുറിപ്പുകൾ എന്നിവയിൽ ചിതൽ കയറി നശിച്ചുപോകാതെ ബാക്കിയുള്ള കുറേ എണ്ണം എന്നിവ വെയിൽ കൊള്ളിച്ച് വീണ്ടും ഇനം തിരിച്ച് അലമാരകളിൽ അടുക്കി വയ്ക്കുമ്പോൾ വീണ്ടും ഈ പേരുകൾ ജ്വലിച്ചു ഉയർന്നു .
ആ കൂട്ടത്തിൽ കാരക്കാമണ്ഡപം സാറിന്റെ 2002 ലെ രചനയും കണ്ടു അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു.
നാമെല്ലാം ഒരർത്ഥത്തിൽ ഏകലവ്യന്മാരാണ്; ഒപ്പം ഞാനാകട്ടെ ഏകാന്തപഥികനും. നേരിട്ട് പരിചയമില്ലാത്ത എത്രയോ കലാകൃത്തുക്കൾ നമ്മിൽ സ്വാധീനം ചെലുത്തുന്നുണ്ട്? അവരെല്ലാം ഗുരുസ്ഥാനീയർ ആയി കാണുമ്പോഴാണ് അവർ പിൻതലമുറയ്ക്കായി നൽകിയ സംഭാവനകളുടെ മഹത്വം ഏറുന്നത്.
വരയുടെ നാൾവഴികളിലൂടെ കടന്നുപോകുമ്പോൾ കടപ്പാടുകൾ ഏറെപ്പേരോടുണ്ട്. കെ. നാരായണ മേനോന്റെ ഓർമ്മകൾക്കു മുന്നിൽ വണങ്ങുന്നു.
(N .B .കെ .നാരായണമേനോന്റെ മുഖചിത്രം ഇതുതന്നെ എന്ന് ബോദ്ധ്യപ്പെട്ടത് B.രാജൻ സാറിനോട് ചോദിച്ചിട്ടാണ്)
3.
ഇപ്പോൾ കലാരംഗത്ത് കൂണുപോലെ സംഘടനകൾ ഓരോ ദിവസവും മുളച്ചു വരുകയാണ്. ഹാർമണി ആർട്ട് ഗ്രൂപ്പ് കഴിഞ്ഞ 18 വർഷമായി പ്രവർത്തനനിരതമാണ്. ഹാർമണിയാണ് തുടർച്ചയായി ആലപ്പുഴയിൽ ലക്ഷണമൊത്ത ഒരു ചിത്രശില്പ കലാസംഘടന എന്ന നിലയിൽ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിവന്നത്. പിന്നീട് വർഷങ്ങൾക്കു ശേഷം പലരും സംഘടനകൾ ഉണ്ടാക്കിയെങ്കിലും തകർന്നു പോകുന്ന കാഴ്ചയാണ് ഉണ്ടായത്. മൂന്നു വർഷം മുൻപ് ഞാനുൾപ്പെടുന്ന വരയിടം ചിത്രകലാ ഗ്രൂപ്പ് ചങ്ങനാശ്ശേരിയിൽ ധാരാളം പരിപാടികൾ സംഘടിപ്പിച്ച് കുതിച്ചെങ്കിലും അതും നിലവിൽ നിർജ്ജീവ അവസ്ഥ നേരിടുകയാണ്.
ഈ കാലയളവിൽ കേരളത്തിൽ പല സ്ഥലത്തും പുതുതായി സംഘടനകൾ രൂപീകൃതമായി എങ്കിലും പലതും നിലവിൽ ഇല്ല . കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ധാരാളം സംഘടനകൾ കേരളത്തിൽ ഉണ്ടായി. ചിലത് നിലവിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തി വരുന്നുണ്ട്. ചിലർ ഒരു പേരിട്ട് ചില എക്സിബിഷനുകൾ നടത്തുന്നതിന് തയ്യാറാകുന്നുണ്ട്. അതിൽ ചിലതൊക്കെ നല്ല പ്രതിഫലനം കലാരംഗത്ത് ഉണ്ടാക്കിയിട്ടുമുണ്ട്.
കോവിഡ് കാലമായപ്പോൾ എല്ലാവരും ഈ രംഗത്തേക്ക് കടന്നു വരുന്ന സ്ഥിതി കാണുന്നു. എല്ലാം അച്ചിലിട്ട് വാർത്ത പോലത്തെ സംഘടനകൾ. ഒരേ പേരിൽത്തന്നെ പല സംഘടനകൾ. ചിലർ സാമ്യമുള്ള പേരുകൾ ഉപയോഗിക്കുന്നു. ഒരു നാണക്കേട് എനിക്കു തോന്നിത്തുടങ്ങുന്നു. ആകെ ഒരു മാറ്റം ഇനി വേണ്ടിവരുമെന്ന ചിന്തയിലാണ് കഴിഞ്ഞ 4 മാസമായി ഞാൻ.
ഹാർമണി 2002 ൽ പ്രവർത്തിക്കുവാൻ തുടങ്ങുമ്പോൾ മാതൃകകൾ ഒന്നും മുന്നിലുണ്ടായിരുന്നില്ല. ഇൻ്റർനെറ്റും സ്മാർട്ട് ഫോണും ഒന്നും ഞങ്ങൾക്കില്ല. മുഖ്യധാരാ കലാ പ്രവർത്തനത്തെക്കുറിച്ചറിയില്ല. ലളിതകലാ അക്കാദമിയിലെ ആരേയും അറിയില്ല. വല്ലപ്പോഴും പത്രങ്ങളിൽ വരുന്ന ആർട്ടിസ്റ്റുകളെക്കുറിച്ചു മാത്രമേ അറിയു. തീരെ ചുരുങ്ങിയ ലോകമായിരുന്നു ഞങ്ങളുടേത്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിച്ചാൽ ആർക്കും ഇതൊക്കെ ചെയ്യാം എന്ന് തോന്നിപ്പോകുക സ്വാഭാവികം. അന്ന് അതല്ല സ്ഥിതി.
2000 ൽ DYFI യുടെ അഭിമുഖ്യത്തിൽ ഗുരു പളനി സാർ പറഞ്ഞതാണ് ബാനർചിത്ര രചന എന്ന ആശയം. അതിൻ്റെ സംഘാടകനായിട്ടായിരുന്നു എൻ്റെ തുടക്കം. വലിയ വിജയം ആയതിനാൽ പലരും ഈ പരിപാടിക്ക് വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് 2002 ൽ കേരളാ ഫൈൻ ആർട്സ് സ്ക്കൂളിൻ്റെ ഹാളിൽ പളനിസാർ യോഗം വിളിച്ചു കൂട്ടി സംഘടനയ്ക്ക് രൂപം നൽകുന്നത്.
എണ്ണിയാലൊടുങ്ങാത്ത തെരുവു രചനകളായിരുന്നു ആദ്യ ഘട്ടങ്ങളിൽ. കലയെ ജനകീയമാക്കണം അത് ഗ്രാമീണ തലങ്ങളിൽ നിന്നു തുടങ്ങണം എന്ന ബൈലയിലെ ലക്ഷ്യം എന്ന ഭാഗത്ത് ആവശ്യപ്പെട്ടതുകൊണ്ടാണ് അങ്ങനെ ഒരു പ്രവർത്തന രീതി ഞങ്ങൾ പിന്തുടർന്നു വന്നത്. അതോടൊപ്പം ഗ്യാലറി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും തുടർന്നു. മറ്റ് വൻകിട ഈവൻ്റുകൾക്കും പിന്നീട് നേതൃത്വം കൊടുത്തിട്ടുണ്ട്. ആള് കളിക്കണം എന്ന മോഹം ഇല്ലാത്തതു കൊണ്ട് വിപുലമായ മെമ്പർഷിപ്പു വിതരണമോ കേരളത്തിലാകമാനം കീഴ്ക്കമ്മിറ്റികളോ ഉണ്ടാക്കാൻ ശ്രമിച്ചില്ല .എന്നാൽ നാലു വർഷം മുൻപ് മറ്റൊരു പദ്ധതിക്കായി കേരളത്തിലെ പല പ്രമുഖരേയും ഞാൻ ബന്ധപ്പെട്ടിരുന്നു. എറണാകുളത്ത് ഒരു ഹോട്ടലിൽ സത്യപാൽ സാറ് ഒരു ഹാള് യോഗം നടത്താൻ ഫ്രീയായി സംഘടിപ്പിച്ചും തന്നു. പക്ഷേ നടപ്പാകാതെ പോയത് ഈ വലിയ ആർട്ടിസ്റ്റുകളെ വച്ച് ഞാൻ ആളാകാൻ പോകുന്നു എന്ന് അവരിൽ ചിലർക്ക് തോന്നിയ ഒരു സംശയം മറ്റ് ചലരുമായി പങ്കുവെച്ചത് ഞാനറിഞ്ഞതുകൊണ്ടാണ്. അവരെ മാറ്റി നിർത്തി എനിക്ക് ആ പദ്ധതി നടപ്പിലാക്കാൻ കഴിയുമായിരുന്നു. വേണ്ടന്നു വച്ചത് ഇപ്പോൾ മണ്ടത്തരമായിപ്പോയി എന്നു തോന്നുന്നു. സംതിങ്ങ് ഡിഫറൻ്റ് എന്നത് എനിക്ക് ഗുണം ചെയ്തേനെ .
ജീവിതത്തിൽ ഉടനീളം ഞാൻ പ്രകടിപ്പിച്ചിട്ടുള്ള സംഘടനാപാടവും ആത്മസമർപ്പണവും അഴിമതി രഹിത മുഖവും..... ഇതു പറയുമ്പോൾ ഒരു തെളിവ് കൂടിവയ്ക്കാം. ഒരു ഫ്രഞ്ച് കമ്പനി ലോകത്തെല്ലായിടത്തും സ്ഥാപനങ്ങൾ നടത്തി വരുന്നുണ്ട്. 6 മക്കളുടേതാണ് ആ കമ്പനി. അതിലെ ഒരു മകളുടെ കേരളത്തിലെ പ്രോപ്പർട്ടികളുടെ കെയർടേക്കറായി എന്നെ വിളിച്ചു. 23 ലക്ഷം രൂപയുടെ സ്റ്റാമ്പ് പേപ്പറിലാണ് അവർ ഇത് എൻ്റെ പേരിൽ എഴുതുവാൻ പോയത്. നക്കൽ ഉണ്ടാക്കി. അതിൻ്റെ ഭാഗമായി എന്നെ ലാപ്ലാഷ് റിസോർട്ടിൻ്റെ മാനേജരായി നിയമിച്ചു. ജീവിതകാലം മുഴുവനും അവരോടൊപ്പം ജോലി ചെയ്യാം എന്നായിരുന്നു പറഞ്ഞത്.
എന്നാൽ എൻ്റെ സത്യസന്ധത തന്നെ എനിക്കു വിനയായി. പലവിധ കള്ളത്തരങ്ങളും, ജീവിത ശൈലികളും നടപടികളും എന്നിലൂടെ ചെയ്യുവാൻ കഴിയില്ലെന്ന ധാരണ അവരിൽ വേരൂന്നി. പിന്നീട് ഞാനാ ജോലി ഉപേക്ഷിച്ചു പോന്നു. അതിന് പെട്ടെന്നുണ്ടായ മറ്റ് ചില സാഹചര്യങ്ങളും ഉണ്ടായി. പെട്ടെന്ന് കോപം വരുന്ന ഒരു പ്രവണത എനിക്കുണ്ട്. ആ സമയത്ത് പൊന്നു കായ്ക്കുന്ന മരമാണെങ്കിലും ഞാൻ വെട്ടും. അവസാനം ഒമാനിലേക്ക് ട്രാൻസ്ഫർ ചെയ്ത പഴയ മാനേജർ തിരിച്ചു വരുകയും രണ്ടു വർഷത്തിനുള്ളിൽ കോടികൾ മുക്കി കടന്നു കളയുകയും ചെയ്തു. പോയപ്പോൾ ആർക്ക് പോയി? ഇതാണ് ഉദാഹരണം.
ഞാൻ വീണ്ടും അദ്ധ്യാപനത്തിലേയ്ക്ക് തിരിച്ചു പോയി. അതു കൊണ്ട് കലാരംഗത്ത് ഞാൻ ഒരു പൊസിഷൻ ഉണ്ടാക്കിയെടുത്തു .
പക്ഷേ അടുത്ത കാലത്ത് ഹാർമണിയെപ്പോലെ ധാരാളം സംഘടനകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ (കലയുടേയും, കലാകാരൻ്റേയും വളർച്ചയ്ക്ക് അത് നല്ലതാണ് എങ്കിലും പലർക്കും അതല്ല ലക്ഷ്യം എന്നത് യുക്തിസഹമായി ചിന്തിച്ചാൽ മനസ്സിലാകും ) അതിനാൽ എൻ്റെ സംഘാടക മികവ് മാറ്റിപ്പിടിക്കേണ്ടതാണ് എന്ന് കുറച്ചു കാലമായി ഞാൻ ആഗ്രഹിക്കുകയാണ്. വേറിട്ടതാണ് എൻ്റെ വഴികൾ അതിലാണ് ത്രില്ല്. ഏൽക്കുന്ന ജോലി ലക്ഷ്യത്തിലെത്തിക്കുവാൻ ജീവിതവും ജീവനും കൊടുക്കും എന്നത് എന്നെ അടുത്തറിയുന്ന എല്ലാവർക്കും ജീവിതം കൊണ്ട് ഞാൻ കാട്ടിക്കൊടുത്തിട്ടുള്ളതാണ്.
കലയും കലാസംഘാടനവുമാണ് എൻ്റെ ജീവിതവഴി എന്ന് തിരിച്ചറിയാൻ വൈകി എന്നതാണ് ജീവിതത്തിലെ ഏക പരാജയം എന്ന് ഞാൻ കരുതുന്നു. പോയത് എല്ലാം പോട്ടെ! ജീവിതം എന്നും സേവനവഴികളിലൂടെ മാത്രമായിരുന്നു. പൊതുരംഗത്തു നിന്നും ഒരു നയാ പൈസ ഉണ്ടാക്കിയിട്ടില്ല. ബാങ്ക് പ്രസിഡൻ്റായിരുന്നപ്പോഴും നയാപൈസ എഴുതി എടുത്തിട്ടില്ല .കൺസ്ട്രക്ഷൻ വർക്കേഴ്സ് കമ്മിറ്റി പ്രവർത്തന ചിലവ് തീരുമാനിച്ചു തന്നെങ്കിലും ഞാനെൻ്റെ സ്വന്തം പണം കൊണ്ട് പെട്രോൾ അടിച്ചാണ് പ്രവർത്തിച്ചത്.
ഇനിയുള്ള ജീവിത കാലത്തും കലയുടെ മാത്രം വഴിത്താരയിൽ സേവന നിരതനായി ഞാനുണ്ടാകും ശക്തമായിത്തന്നെ!
നിലവിൽ ഓയിൽ, അക്രിലിക് എന്നിവയുടേതന്നെ 3-4 തരം ആയിട്ടാണ് ഇറങ്ങുന്നത്. അതേല്ലാം പാടെ ഉപേക്ഷിച്ചും Hybrid style വേണ്ടെന്നും വച്ചാൽ എത്ര വിരസമായിരിക്കും ചിത്രക്കാഴ്ച!
4.
അഴകിന് പര്യായം ഉണ്ടെങ്കിൽ അത് കറുപ്പിനാണ് ..
ശുദ്ധമായ പ്രപഞ്ചത്തിലെ ഒരേ ഒരു നിറം ,
മായം ചേരാത്ത വിശുദ്ധമായ നിറം ,
ആ നിറം വന്ന് ചേരുന്നത് രാത്രിക്കാണ് ..
സ്വപ്നം കാണുന്ന രാത്രിയുടേയും ,
എഴുതുന്ന പേനയിലെ മഷിയുടേയും നിറം കറുപ്പാണ് ,
ഒത്തിരിയുള്ള വെളുപ്പിലും
ഇത്തിരിപ്പോന്ന കറുപ്പാണ് കാഴ്ച്ച ശക്തി ,
കറുപ്പ് എന്നാൽ ശക്തിയാണ് , അതിജീവനമാണ് ..
എഴുതാൻ രാത്രിയെക്കാൾ നല്ലൊരു സാമ്രാജ്യമില്ല ..
എന്തെന്നാൽ
രാത്രി കറുപ്പിന് വല്ലാത്തൊരു വശ്യതയുണ്ട് ..
ആ വശ്യത മരങ്ങളും , ചെടികളും , പൂക്കളും
ഏറ്റ് വാങ്ങുമ്പോൾ കറുപ്പിനായിരിക്കും ഏറ്റവും ഭംഗി ..
രാത്രിക്കായിരിക്കും ഭംഗി ..
രാത്രി കറുപ്പെന്നാൽ
നിറങ്ങൾക്കുപ്പുറത്തുള്ള സ്വപ്നങ്ങളും ,
ലോകത്തിനും മേലെയുള്ള പ്രതീക്ഷകളും ,
വിവേചനമില്ലാതെ എല്ലാറ്റിനേയും
ഒറ്റ നിറത്തിൽ അടയാളപ്പെടുത്തുന്നവനാണ്
രാത്രി എന്ന കറുപ്പ് ..
കറുപ്പിനൊരു കഴിവുണ്ട് ..
അതെല്ലാത്തിനേയും തന്നിലേക്ക് അടുപ്പിക്കും ..
സ്നേഹത്തിനെ , പരിഗണനകളെ ,
അവകാശങ്ങളെ , ആദരവുകളെ
ഇവയെ എല്ലാം വേർതിരിക്കുന്ന
ഒരു അടയാളം കൂടിയാണ് കറുപ്പ് ..
കറുപ്പ് നിഴലിനെപ്പോലെയല്ല
ഇരുട്ടിലും കൂടെയുണ്ടാകുന്നവനാണ് ..
കറുപ്പ് ഒരു പ്രത്യാശയാണ്,
നാളെ വെളിച്ചം വരും
എന്ന് അടയാളപ്പെടുത്തുന്ന പ്രത്യാശ ..
എല്ലാത്തിലുമുപരിയായ് നിറത്തിലല്ല ,
എല്ലാത്തിനേയും കാണേണ്ട പോലെ കണ്ടാൽ കറുപ്പിനേക്കാൾ ഭംഗി മറ്റൊന്നിനനുമില്ല ..
രാത്രിയേക്കാൾ ഭംഗി മറ്റൊന്നിനുമില്ല ..
സ്വപ്‌നങ്ങൾ വിരുന്ന് വരുന്ന നിദ്രയുടെ രാവിലേക്ക്
നടക്കുമെന്ന വിശ്വാസത്തോടെ
നടക്കുന്ന സ്വപ്നങ്ങൾ കണ്ടുറങ്ങട്ടെയെന്ന് ആശംസിക്കുന്നു ..
ശുഭരാത്രി കൂട്ടുകാരെ ..
A dream doesn't become reality through magic ,
It takes sweat , determination and hard work ..!
Charlie..✍✍✍✍
Syam Mohan
ഞാൻ ആദ്യമേ മനസ്സിലാക്കിയത് പറഞ്ഞു കഴിഞ്ഞു. താങ്കളോട് സംവദിച്ചിട്ട് കാര്യമില്ലെന്ന്.
മുടിയുടെ നിറം കറുപ്പാണെന്ന് ധരിച്ചു വച്ചിരിക്കുന്ന ഒരാളോട് എന്തു പറയാൻ?
ഒറ്റക്കാര്യം പറഞ്ഞ് ഞാൻ ഈ പൊല്ലാപ്പ് ഒഴിവാക്കുകയാണ്.
പ്രകാശത്തിലുള്ള നിറങ്ങളെ പ്രതിഫലിപ്പിക്കുവാൻ കറുപ്പിന് കഴിയില്ല. അവയെ ആഗീരണം ചെയ്യാനേ കഴിയു. വെളുപ്പ് പ്രകാശത്തെ വികിരണം നടത്തുന്നു. ആഗീരണം ചെയ്യുന്നത് അതിൽ അടങ്ങിയിരിക്കുന്നു എന്ന് മുകളിൽ ഞാൻ വിശദീകരിക്കുന്നുണ്ട്. പിന്നേം സംശയം. കറുപ്പ് കറുപ്പായിരിക്കുന്നത് പ്രകാശം ഉള്ളതുകൊണ്ടാണ്. കുഞ്ഞു ക്ലാസിൽ പഠിപ്പിക്കുന്ന കാര്യം ഞാൻ ആവർത്തിക്കേണ്ടി വന്നത് നിങ്ങളുടെ മനസ്സിൽ വേറെന്തോ കിടന്ന് മറിയുന്നതു കൊണ്ടാണ്.
ഞാനെത്ര വിശദീകരിച്ചാലും താങ്കൾക്കു മനസ്സിലാകാനും പോകുന്നില്ല.
ആർട്ടിസ്റ്റുകൾ അല്ല കറുപ്പിനെ വ്യാഖ്യാനിച്ചത് ശാസ്ത്രജ്ഞരാണെന്ന അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് തല്ക്കാലം രണ്ടു മൂന്നു ദിവസം ഗൂഗിളിൽ പഠിക്കാൻ പറയുന്നത്. ഞാൻ പിന്നെ വരാം കേട്ടോ? ചിത്രകലാ തിയറി പറയുന്നത് എനിക്ക് ഹരമാണ്. ഒരു ബുക്കിന്റെ വരയുണ്ട് ക്ലാസ്സുകളും ഉണ്ട്. ഇന്നും ക്ലാസ്കഴിഞ്ഞു വന്നതാണ്. ഇടവേളയിൽ എത്തും.
Comments
Post a Comment