KLKA കളരി

 കേരള ലളിതകലാ അക്കാഡമിയുടെ ചിത്രകലാ കളരിയില്‍ ക്ലാസ്സെടുക്കുന്നതിന് പത്താം തീയതി ശനിയാഴ്ച ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ബധനി സെന്‍ട്രല്‍ സ്ക്കൂളില്‍ എത്തുമ്പോള്‍ ഒരു സുകൃത ദിനം കരഗതമാകുകയായിരുന്നു. ആദ്യ ദിനം കേരളത്തിലെ സമുന്നതനായ ചിത്രകാരന്‍ ബാലമുരളീകൃഷ്ണന്‍ സാറും, മൂന്നാം ദിനം ജ്യോതി ടീച്ചറും ക്ലാസ്സുകള്‍ നയിച്ചു.


വിവിധ സ്ക്കൂളുകളില്‍ ആഴ്ചയില്‍ 5 ദിവസം ക്ലാസ്സെടുക്കുന്നതില്‍ നിന്നും വിഭിന്നമായി ലളിതകലാ അക്കാഡമിക്കു വേണ്ടി ക്ലാസ്സെടുക്കുകയെന്നത് ഏറെ ഉത്തരവാദിത്വം നിറഞ്ഞതാണ്. കുട്ടികളെ വരച്ചു കാണിച്ച് അവര്‍ നമ്മെപ്പോലെ വരയ്ക്കണം എന്ന് ശഠിക്കുവാന്‍ പാടില്ലെന്നും അവരുടെ ക്രിയേഷനുകളെ കുറ്റമറ്റതാക്കുവാനും കലാ മൂല്യമുള്ളതാക്കുവാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് അദ്ധ്യാപകന്‍റെ ചുമതല എന്ന സത്യപാല്‍ സാറിന്‍റെ ചിന്തകളായിരുന്നു മനസ്സില്‍. ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് ഏതാനും കുട്ടികള്‍ പ്രൊജക്റ്റിന്‍റെ ഭാഗമായി എന്നെക്കുറിച്ചും എന്‍റെ കലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉള്ള ഒരു ഇന്‍റര്‍വ്യു എടുത്തു.


കഴിഞ്ഞ ക്ലാസ്സില്‍ അവര്‍ സ്വതന്ത്രമായി വരച്ച ചിത്രങ്ങളിലൂടെ ഒരു ആസ്വാദനയാത്ര നടത്തിക്കൊണ്ടായിരുന്നു ക്ലാസ്സ് ആരംഭിച്ചത്. പിന്നീട് കഴിഞ്ഞ ക്ലാസ്സിന്‍റെ ഉള്ളടക്കം കുട്ടികളില്‍ നിന്നും മനസ്സിലാക്കി അതിന്‍റെ തുടര്‍ച്ചയായി ഒരു ചിത്രം രചിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പ്രമാണങ്ങള്‍ ഉദാഹരണസഹിതവും ഇല്ലസ്ട്രേഷന്‍റെ സഹായത്തോടെയും അവര്‍ക്ക് കഠിനമായി തോന്നാത്തവിധം ബോദ്ധ്യപ്പെടുത്തുകയും അത് എങ്ങനെയാണ് അവര്‍ ഉള്‍ക്കൊണ്ടതെന്ന് അവര്‍തന്നെ പറയുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ആത്മവിശ്വാസം മിക്കവര്‍ക്കും ഉണ്ടായി. തങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ മികച്ചതാണെന്ന ബോധം അവരില്‍ ഒരു പുതിയ ഉണര്‍വ്വ് ആയിമാറി.


അതിനുശേഷം ഒരു സ്വതന്ത്ര രചന നടത്തുവാന്‍ പറഞ്ഞു. പക്ഷേ ശീലിച്ചു പോയ രീതികള്‍ മൂലം അവര്‍ക്ക് ഒരു ഗൈഡ് ലൈന്‍ വേണമെന്നായി. അത് നല്‍കിയപ്പോള്‍ അത് വരച്ചു കാണിക്കണമെന്നായി. അത് ശരിയായ വഴിയല്ലെന്നും ഓരോരുത്തരും സ്വതന്ത്രമായ കാഴ്ചകള്‍ തങ്ങള്‍ക്കു വഴങ്ങുന്ന രീതിയില്‍ ചെയ്യണമെന്നും ഉള്ള നിര്‍ദ്ദേശം പക്ഷേ ഫലവത്തായില്ല. ചില നന്നായി വരയ്ക്കുന്ന കുട്ടികള്‍ക്ക് ഞാന്‍ വരയ്ക്കുന്ന രീതി അറിയണം. അങ്ങനെ അടിസ്ഥാന പ്രമാണങ്ങള്‍ പാലിച്ചുകൊണ്ട് ഒരു ചിത്രം കളര്‍ചോക്ക് ഉപയോഗിച്ച് വരച്ചു. ഇത് ഇങ്ങനെ തന്നെ വരയ്ക്കുവാന്‍ പാടില്ലെന്നും ഇതിന്‍റെ പൊതു ഭാവം ഉള്‍ക്കൊണ്ടു അതിന്‍റെ പെന്‍സില്‍ സ്കെച്ച് സ്വതന്ത്രമായി തയ്യാറാക്കുവാന്‍ പറഞ്ഞു. അതിനുശേഷം അത് ഒരു വാട്ടര്‍കളര്‍ രചനയാക്കി മാറ്റാനായി അടുത്ത പ്രക്രിയ തുടങ്ങി.... കുട്ടികള്‍ അതുവരെ കണ്ടിട്ടില്ലാത്ത ചില വാട്ടര്‍കളര്‍ ടെക്നിക്കുകള്‍, ബ്രഷ് സ്ട്രോക്കുകള്‍, ബ്രഷ് പിടിക്കുന്ന രീതികള്‍ മൂലം ഉണ്ടാകുന്ന സ്ട്രോക്കിലെ മാറ്റങ്ങള്‍ , വെറ്റ് ഇന്‍ വെറ്റിന്‍റെ മാസ്മരികത, ലൈറ്റ് ആന്‍ഡ് ഷെയ്ഡ്സ് കളറുകളില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ അവയുടെ സാദ്ധ്യതകളെ പ്രോജ്ജ്വലമാക്കാന്‍ എങ്ങനെ സാധിക്കും എന്നു തുടങ്ങിയ കുറേ നുറുങ്ങു കാര്യങ്ങളില്‍ ഒരു ബോദ്ധ്യപ്പെടല്‍ ഉണ്ടാക്കാനാവിശ്യമായ അത്രയും ഡമോണ്‍സ്ട്രേഷന്‍ ചെയ്യേണ്ടിവന്നു. 


കുട്ടികളില്‍ അത് വലിയ സ്വാധീനം ചെലുത്തി എന്നതിന്‍റെ പ്രകടമായ വസ്തുത എനിക്കും ബോദ്ധ്യപ്പെട്ടു. ആ കൂട്ടത്തിലെ ഏറ്റവും നന്നായി വര്‍ക്കു ചെയ്യുന്ന ചില കുട്ടികളെ ടീച്ചര്‍ എന്‍റെ അടുത്തു നിര്‍ത്തി അവര്‍ക്ക് പുതിയ ഐഡിയ നേരിട്ട് ലഭ്യമാകുന്നതിന് നിര്‍ബ്ബന്ധിച്ചു കൊണ്ടിരിന്നു. അതുകൊണ്ടു തന്നെ എനിക്ക് വര്‍ക്ക് ചെയ്തു കാണിക്കേണ്ടി വന്നു. അതുമാത്രമല്ല നിരവധി കുട്ടികള്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ഉദാഹരണമായി....ഞാന്‍ മരത്തിന്‍റെ തടിയിലും, ഇലക്കൂട്ടങ്ങളിലും ഭൂമിയിലും പല നിറങ്ങള്‍ സമ്മിശ്രമായി പ്രയോഗിച്ചപ്പോള്‍ അവര്‍ ചോദിച്ചു പച്ചനിറത്തിലല്ലേ സാറേ അവ വരയ്ക്കേണ്ടത് എന്ന്. അപ്പോള്‍ സൂര്യരശ്മിയിലെ നിറങ്ങളെക്കുറിച്ചും കണ്ണിനെക്കുറിച്ചും ഉള്ള പഠനങ്ങളില്‍ അവര്‍ക്ക് കാര്യം പെട്ടെന്ന് ബോദ്ധ്യപ്പെട്ടു. കുട്ടികള്‍ ആസ്വദിച്ച് കളറുകളുമായി സംവദിക്കുകയും അവരുടെ തെറ്റുകള്‍ അവര്‍ക്ക് ബോദ്ധ്യപ്പെട്ടതെല്ലാം എന്നോട് വന്ന് ചോദിക്കുകയും തിരുത്താന്‍ ആവിശ്യപ്പെടുകയും ചെയ്തപ്പോള്‍ എനിക്ക് ബോദ്ധ്യമായി അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. വാട്ടര്‍ കളര്‍ പഠനം കഴിഞ്ഞപ്പോള്‍ ഉച്ചയൂണെത്തി.


ഉച്ചകഴിഞ്ഞ് ഞങ്ങള്‍ പോര്‍ട്രയിറ്റ് പഠനത്തിലേയ്ക്ക് തിരിഞ്ഞു. ഞാന്‍ ബ്ലാക്ക് ബോഡില്‍ കളര്‍ ചോക്ക് ഉപയോഗിച്ച് പോര്‍ട്രെയ്റ്റിന്‍റെ രേഖാചിത്രം വരച്ചപ്പോഴും പിന്നീടത് കളര്‍ ചെയ്തപ്പോഴും കുട്ടികള്‍ രണ്ടുപ്രാവിശ്യം ശക്തമായ കൈയ്യടിയോടെ സ്വീകരിച്ചത് അവര്‍ക്ക് അത് നന്നായി ഇഷ്ടപ്പെട്ടുവെന്നതിന്‍റെ തെളിവായിരുന്നു. എല്ലാക്കുട്ടികളും പരമാവധി ട്രൈ ചെയ്തു. കുറെക്കുട്ടികള്‍ ഫീച്ചേഴ്സിന്‍റെ സ്പെഷ്യാലിറ്റി ബോദ്ധ്യപ്പെട്ട് വരച്ചു എന്നത് വളരെ താല്പര്യപൂര്‍വ്വം ഞാന്‍ കണ്ടു. 


അതിനുശേഷം മോഡേണ്‍ ആര്‍ട്ട് എന്ന ബാലികേറാമലയിലേയ്ക്കും ഞങ്ങളൊന്നു സഞ്ചരിച്ചു. എന്ക്കു തോന്നുന്നു കുട്ടികള്‍ ഏറെ ആസ്വദിച്ച് വര്‍ക്കു ചെയ്തത് അപ്പോഴാണെന്നാണ്. പുതിയ പുതിയ കാഴ്ചകള്‍ തങ്ങളുടെ പ്രതലത്തില്‍ വര്‍ണ്ണരൂപങ്ങളായി വരിയുമ്പോള്‍ അവരുടെ കണ്ണുകളിലെ അത്ഭുതം കണേണ്ടതു തന്നെയാണ്. 


നിരവധി കുഞ്ഞുകുഞ്ഞു ടിപ്പുകള്‍ അവര്‍ വളരെ ആസ്വാദനത്തോടെ ഉള്‍ക്കൊണ്ടു. ഉദാഹരണമായി....വാട്ടര്‍ കളറില്‍ മാസ്കിംങ് ഗ്ലൂ, മാസ്ക്കിംങ് ടേപ്പ് എന്നിവയുടെ പ്രയോഗം, ഉപയോഗ ശൂന്യമായ സ്പ്രേയുടെ കുപ്പിയില്‍ വെള്ളം നിറച്ച് പെയിന്‍റിംഗിനായി ഉപയോഗിക്കുക, ടിഷ്യു പേപ്പര്‍ കോട്ടണ്‍ വെയ്സ്റ്റിന്‍റെ പ്രയോഗങ്ങള്‍, ബ്രഷിന്‍റെ പിന്‍ഭാഗം ഉപയോഗിച്ചുള്ള സ്ക്രാച്ചസ്, ‍ഡ്രിപ്പിംഗ്, ബ്രഷ് കൊണ്ടുള്ള സ്പ്രേ ടെക്സ്ച്ചറുകള്‍, പാലറ്റ് നൈഫില്‍ വിരിയുന്ന വിസ്മയലോകം.....അങ്ങനെ പലതും.


അതിനുശേഷം വീണ്ടും തിയറിയിലേയ്ക്ക് തിരിഞ്ഞു. ഒരു ബിന്ദു എങ്ങനെയാണ് വിവിധ ജ്യോമട്രിക്കല്‍ പാറ്റേണുകളായി മാറുന്നതെന്നും അവയെല്ലാം ചേര്‍ന്നാണ് മനുഷ്യനും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളുമായും മാത്രമല്ല ഈ പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളായും രൂപം പ്രാപിക്കുന്നതെന്നും ഉള്ള ഒരു ഓട്ടപ്രദിക്ഷിണത്തോടെ ഞങ്ങളുടെ അന്നത്തെ സെഷന്‍ അവസാനിച്ചു. 


കൂട്ടം പിയിയുമ്പോള്‍ അവരില്‍ പലര്‍ക്കും അറിയേണ്ടത് സാറിന്‍റെ ചിത്രങ്ങള്‍ എല്ലാം കാണാന്‍ എന്താണു വഴി എന്നായിരുന്നു. അവസരം ഉണ്ടാക്കാം എന്നു പറഞ്ഞു. ടീച്ചര്‍ക്ക് ബ്ലോഗിന്‍റെ ലിങ്ക് അയച്ചു കൊടുക്കാമെന്നു പറഞ്ഞു. ടീച്ചര്‍ക്ക് ആവിശ്യം ഞാന്‍ ചെയ്തു കാണിച്ച വാട്ടര്‍ കളര്‍ പൂര്‍ത്തീകരിച്ച് കൊടുക്കാനും അത് അവിടെ ഫ്രൈം ചെയ്തു വയ്ക്കാനും ഒപ്പം വീണ്ടും ക്ലാസ്സെടുക്കാന്‍ വരണമെന്നും ആയിരുന്നു. സമാധാനമായി ഒരു ചിത്രം വരച്ച് അവിടെ എത്തിക്കാം എന്ന് ഉറപ്പ് കൊടുത്തു.


പിന്നെ കുട്ടികള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് വേണമെന്നായി. പതിനഞ്ചോളം കുട്ടികള്‍ക്ക് നല്‍കി യാത്രപറഞ്ഞപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് ജീവിതത്തിലെ ഒരു അസുലഭ ദിനം എനിക്ക് നല്‍കാന്‍ മനസ്സുകാണിച്ച അക്കാഡമിയോടും വിശിഷ്യാ സത്യപാല്‍ സാറിനോടുമുള്ള നന്ദിയും കടപ്പാടും ആയിരുന്നു.

Comments