https://m.facebook.com/story.php?story_fbid=4344523115577761&id=100000603478023
വിളകളുടെ കരച്ചിൽ (കവിത)
ചൊള്ളി പൊളിഞ്ഞു തൂങ്ങിയ കാൽപ്പാദങ്ങളിൽ...
ദൂരത്തിൻ്റെ കിലോമീറ്ററുകൾ അളന്ന് തിട്ടപ്പെടുത്താമായിരുന്നു.......
മഹാ ജനാവലിയുടെ ഭൂരിഭാഗവും ഡിസംബറിലെ കോടമഞ്ഞിൽ
ലയിച്ചു ചേർന്നിരുന്നു.
മുഖവും ഉടലടയാളങ്ങളും ഇല്ലാത്ത മനുഷ്യർ മൺതരികൾ പോലെ
പരന്നു നീണ്ടു കിടന്നു.
പല ഭാഷകളിൽ അവർ വിളിച്ചു കൂവുന്നത് ....
മഞ്ഞിൽ പ്രതിധ്വനികളായി.... തിരിച്ചുവന്നു കെണ്ടേയിരുന്നു.
സ്വകാര്യതയുടെ നിരാകരണങ്ങളാൽ -
ഏകതയുടെ പാശബന്ധത്താൽ
അവർ ചുരുണ്ടുകൂടിയിരുന്നു.
അരികിലും അകലത്തിലുമായി അവർ ഹൃദയംകൊണ്ട് തുടരെ സംസാരിച്ചുകൊണ്ടേ...യിരുന്നു.
പൊടിപടലങ്ങളും മഞ്ഞു കണികകളും ചേർന്ന് അവർ പരസ്പരം
ഒട്ടിച്ചേർന്നു പോയല്ലോ!......
തഴമ്പു മുറ്റിയ ഉള്ളംകൈകൾ
പടം പൊഴിച്ച് മൃദുകരങ്ങൾ ആയി മാറി.
വഴി അരികുകൾ അടുക്കളകളും
ഭോജന ശാലയും ആയി മാറ്റപ്പെട്ടു.
പരിചിതരല്ലാത്ത എത്രയോ പേർ ഓരോ ദിവസവും മരിച്ചു വീഴുന്നുണ്ടായിരുന്നു!
ബന്ധുക്കളുടെ കരച്ചിലുകൾ ഇല്ലാതെ അവരുടെ ശരീരം എങ്ങോട്ടോ മാറ്റപ്പെടുന്നുണ്ടായിരുന്നു.
പകൽ വെയിലും രാത്രി ശൈത്യവും ഏറ്റ് അവരുടെ ശരീരം വരണ്ടുണങ്ങി വിണ്ടുകീറുന്നു.
പകൽ വെയിലിൽ അവരുടെ മുഖങ്ങൾ ദൈന്യതയുടേയും... നിർവ്വികാരതയുടേയും...
രൂപ വിന്യാസങ്ങൾ ആയിത്തീർന്നുവോ?
40 നാൾ കഴിഞ്ഞ് ട്രാക്ടറിൻ്റെ നിലയ്ക്കാത്ത ശബ്ദത്താൽ...
അവിടം മുഖരിതമായി.
ഓരോ ദിവസം കഴിയുംതോറും അപരിചിതരുടെ പുതുവളയങ്ങളാൽ ഓരോരുത്തരും ചുറ്റപ്പെട്ടു കൊണ്ടേയിരുന്നു....
അവരുടെ കണ്ണുകൾ ധ്യാനത്തിൽ എന്നപോലെ പാതി അടഞ്ഞു കുമ്പിയിരുന്നു.
വീണ്ടും....... വീണ്ടും ദിനരാത്രങ്ങൾ കടന്നു പോയല്ലോ....
കലാപരിപടികൾ, പ്രസംഗങ്ങൾ, പ്രതിഷേധങ്ങൾ ....
ദില്ലിയുടെ മാറിടങ്ങളെ മഥിച്ചു കൊണ്ടേയിരുന്നു.
ഗതികെട്ടു പിരിഞ്ഞുപോയവരേറെ -
എങ്കിലും ദില്ലി ചലോ..... തരംഗമായി തുടരുന്നുവോ?....
വാത്മീകത്തിൽ ഉറഞ്ഞുറങ്ങിയ ഭരണാധിപരുടെ കലണ്ടറിലും
നൂറുദിനങ്ങളെന്നെഴുതിക്കണ്ടു.
നിരാഹാരക്കാർക്കെതിരെ -
തെറി വിളിക്കുന്നവർ.....
കല്ലെറിയുന്നവർ.....
വെടിയുതിർക്കുന്നവർ......
എല്ലാം തുടന്നു കൊണ്ടേയിരുന്നു.
പാളങ്ങളിലെ തേരട്ടകൾ
നിവർന്നു നിശ്ചലരായ് കിടന്നു.
അപ്പോഴും ഗോതമ്പുമണികൾ
വയലേലകളിൽ മന്ദമായ് തലയാട്ടി ചാഞ്ചാടിനിന്നു.
Comments
Post a Comment