പളനിസാർ

 


1932-ൽ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി എന്ന ഗ്രാമത്തിൽ ആണ് പളനിസാർ എന്ന പേരിൽ പ്രസിദ്ധി നേടിയ ആർട്ടിസ്റ്റ് കെ.പളനിയുടെ ജനനം. സ്ക്കൂൾ പഠന കാലം മുതലെ ചിത്രകലയോട് വലുതായ അഭിനിവേശം പ്രകടിപ്പിച്ചിരുന്നു. നാൾക്കുനാൾ വളർന്നു വന്ന അഭിരുചിയും സ്വയം പഠനവും സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹത്തെ കൊണ്ടുചെന്ന് എത്തിച്ചത് SL ലാരിയസ് മാസ്റ്റർ 1946ൽ സ്ഥാപിച്ച SS സ്കൂൾ ഓഫ് ആട്സിൽ ആയിരുന്നു. KGTE യുടെ മൂന്നാം ബാച്ചിൽ പഠിച്ച് പെയിൻ്റിംഗിൽ ഡിപ്ലോമ നേടിയ ശേഷം മദ്രാസ് ഗവൺമെൻ്റ് നൽകുന്ന MGTE കൂടി കരസ്ഥമാക്കിയ ആദ്യ വിദ്യാർത്ഥിയായിരുന്നു. ലാരിയസ് മാസ്റ്ററുടെ ഗുരുവും ആലപ്പുഴയിൽ ഏറെ പ്രശസ്തിയും ഉണ്ടായിരുന്ന ഏ.റ്റി. ജോൺസാർ ആയിരുന്നു ആദ്യ പാഠങ്ങൾക്ക് തുടക്കം കുറിച്ചത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അക്കാലത്ത് കളറും വരയുപകരണങ്ങളും ബോംബെയിൽ നിന്നും എഴുതി വരുത്തുകയായിരുന്നു. സാധാരണ വിദ്യാർത്ഥികൾക്ക് റഫറൻസിന് യാതൊരു മാർഗ്ഗവും ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് കലാ പഠനകാലം പൂർത്തീകരിച്ചത്.


അതിനു ശേഷം അദ്ദേഹം TTC കോഴ്സ് പാസ്സാകുകയും പ്രൈവറ്റ് സ്ക്കൂളിൽ അദ്ധ്യാപകനായി കുറച്ചുനാൾ ജോലിയും ചെയ്തിരുന്നു. 1956 ആകുമ്പോൾ ഗവൺമെൻ്റ് സ്ക്കൂളിൽ കലാദ്ധ്യാപകനായി സ്ഥിര നിയമനം ലഭിച്ചു. അക്കാലത്ത് കേരളീയ കലാരംഗത്ത് അതി പ്രശസ്‌തരായിരുന്ന CV ബാലകൃഷ്ണൻ നായർ, VM ബാലൻ, ശങ്കരമേനോൻ, KK വാര്യർ, എം. വി. ദേവൻ, MRD ദത്തൻ, CL പൊറുഞ്ചുകുട്ടി, തിരുവല്ലയിലെ സി.കെ.രാ, കാർട്ടൂണിസ്റ്റ് ഗഫൂർ തുടങ്ങി നിരവധി കലാകാരന്മാരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. 1958 ൽ കേരളാ ഫൈൻ ആർട്സ് എന്ന പേരിൽ പാതിരപ്പള്ളിയിൽ ചിത്രകലാ സ്ക്കൂൾ ആരംഭിച്ചു തുടർന്ന് സുനിൽ ഫോട്ടോസ് എന്ന സ്റ്റുഡിയോയും ആരംഭിച്ചു കൊണ്ട് കാലത്തിനനുസരിച്ച പുരോഗമന പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. K.G.T. എക്‌സാമിനേഷൻ ബോർഡിൽ 9 -10 വർഷക്കാലത്തോളം സേവനം അനുഷ്ഠിച്ചു എന്നതു തന്നെ തൻ്റെ കർമ്മപഥങ്ങളിൽ അദ്ദേഹം എത്രത്തോളം സ്വീകാര്യനായിരുന്നു എന്നതിൻ്റെ തെളിവാണ്. 


* സൗജന്യവിദ്യാഭ്യാസം, സൗജന്യഭക്ഷണം.

* കലാസാംസ്കാരിക രംഗങ്ങളിൽ സൃഷ്ടിപരമായ പരിവത്തനങ്ങൾ.

* ഉത്തമഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം.

* ചിത്രകലാസംബന്ധമായ പ്രചരണ പ്രവത്തനങ്ങൾ.

* കലാവിഭാഗങ്ങൾക്കു പ്രോത്സാഹനം. (നാടകം, ഗാനമേള, സീൻ സെറ്റിംഗ്സ് ) 

* സാങ്കേതിക പരിശീലനങ്ങൾ.


മുതലായവ പോലുള്ള ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പരിപാലിച്ചു വന്നത് എന്ന കാര്യം അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തെ വെളിവാക്കുന്നുണ്ട്. അനേകം വിദ്യാർത്ഥികളെ ഫീസ് വാങ്ങാതെ പഠിപ്പിച്ച് വിവിധ മേഖലകളിൽ ജോലി സ്ഥിരതയിലേയ്ക്ക് ആനയിച്ചു എന്നതും പുരോഗമന ഇടതു പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായ അദ്ദേഹത്തിൻ്റെ ആദർശത്തെ വിളംബരം ചെയ്യുന്നുണ്ട്. കേരള ചിത്രകലാ പരിഷത്തിൻ്റെ സംസ്ഥാന കമ്മറ്റിയംഗമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഫലിതരസം നിറഞ്ഞ സംഭാഷണങ്ങളിലൂടെയാണ് ശിഷ്യന്മാരെ തെറ്റും ശരിയും വേർതിരിച്ച് പഠിപ്പിച്ചു വന്നത് എന്ന സവിശേഷത പളനി സാറിന് സ്വന്തം. പ്രതികരിക്കേണ്ടിടത്ത് വെട്ടിത്തുറന്ന് ഏറെ ഉച്ചത്തിൽ കാര്യങ്ങൾ പറയുകയും കാർക്കശ്യത്തോടെ തീരുമാനങ്ങൾ എടുക്കുകയും ഒരു സാധാരണ രീതിയായിരുന്നു. ഡ്രോയിംഗ് അദ്ധ്യാപിക കൂടിയായ ഓമന ടീച്ചറായിരുന്നു ഭാര്യ. അധികമെങ്ങും കാണാത്ത ഗുരുശിഷ്യ ബന്ധത്തിൻ്റെ തെളിവുകളിൽ ഒന്നാണ് വിജയദശമി ദിനത്തിൽ പ്രധാന ശിഷ്യന്മാർ ഗുരുവിൻ്റെ വീട്ടിൽ ദക്ഷിണയുമായി ചെന്ന് അനുഗ്രഹം വാങ്ങി പോകുന്ന ഇപ്പോഴും തുടരുന്ന പതിവ്.


മാരാരിക്കുളം തെക്ക് പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അനേകം ലൈബ്രറികൾ, സാംസ്ക്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കലാസംബന്ധമായ വിഷയങ്ങളിലെ പതിറ്റാണ്ടുകൾ നീണ്ട നിറസാന്നിദ്ധ്യമായി അദ്ദേഹം ഉണ്ടായിരുന്നു. 


കല എന്നത് വിവിധ രീതികളിൽ മനസ്സിലാക്കാൻ കഴിയുന്ന ബഹുമുഖവും എന്നാൽ ആത്മനിഷ്ഠവുമായ ആശയമാണെന്നും മനുഷ്യൻ്റെ സർഗ്ഗാത്മക വൈദഗ്ദ്ധ്യത്തിൻ്റേയും ഭാവനയുടെയും പ്രകടനമോ പ്രയോഗമോ ആകയാൽ പലപ്പോഴും ദൃശ്യപരമായി അതിശയിപ്പിക്കുന്നതോ ചിന്തോദ്ദീപകമോ വൈകാരികമായ അനുരണനമോ ആകുന്ന രൂപങ്ങൾ അത് സൃഷ്ടിക്കുന്നു എന്നും ഇതിന് വിവിധ മാധ്യമങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതു കൊണ്ട് കല വളരെ ആത്മനിഷ്ഠവും വ്യക്തിഗതവുമായ അനുഭവമായിത്തീരുന്നു എന്നു മാത്രമല്ല മനുഷ്യൻ്റെ ആവിഷ്കാരത്തിൻ്റെയും ബന്ധത്തിൻ്റെയും ശക്തമായ മാർഗ്ഗമാണ് കല എന്ന് അദ്ദേഹം പ്രധാന ശിഷ്യരെ നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്തു.


- ആശയങ്ങൾ, വികാരങ്ങൾ, അനുഭവങ്ങൾ എന്നിവയിലൂടെ ആശയവിനിമയം നടത്തുക

- കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുക, സംവാദം തീർക്കുക

- സൗന്ദര്യാത്മക ആനന്ദവും അനുഭൂതിയും നൽകുക

- സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുക

- വ്യക്തിഗത വളർച്ചയ്ക്കും സ്വയം പ്രകടിപ്പിക്കുന്നതിനും പ്രചോദനം നൽകുക 

- കല ജനകീയമാക്കുക എന്നീ പ്രമാണങ്ങളോടെ 2002 ൽ ഹാർമണി ആർട്ട് ഗ്രൂപ്പ് എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം കൊടുത്തു. പഴയ കാല ഗുരുക്കന്മാർക്ക് ഇല്ലാത്ത ഒരു ചിന്തയാണ് ആധുനിക രചനാ സമ്പ്രദായങ്ങളിൽ അവഗാഹം നേടാൻ ശിഷ്യരെ പ്രാപ്തരാക്കാനായി സർവ്വതല സ്പർശിയായ ഒരു കലാസംഘടന രൂപീകരിക്കുക എന്നത്. ഇതിൻ്റെ ഫലമായി നമ്മുടെ നാട്ടിലെ എല്ലാ ആധുനിക കലാപ്രവർത്തനങ്ങളിലും കഴിഞ്ഞ 22 വർഷങ്ങളായി ഹാർമണിയുടെ കലാകൃത്തുക്കൾ നൂറുകണക്കിന് ഇടപെടലുകളുമായി സേവനനിരതരായി ഉണ്ട്. ഇത് പളനിസാറിൻ്റെ മികച്ച ഒരു സാമൂഹിക സംഭാനയായിരുന്നു. 


2004 നവംബർ 29 ന് അദ്ദേഹം നിര്യാതനായി. നമ്മുടെ നാട്ടിൽ അക്കാലത്തു മറ്റ് ചില കലാകാരും, അദ്ധ്യാപകരും പിൽക്കാലത്ത് ധാരാളം പേരും വളർന്നു വന്നിരുന്നു എങ്കിലും പളനിസാർ സാമൂഹിക സാസ്ക്കാരിക പുരോഗമന രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സക്രിയ വ്യവഹാരങ്ങളിലൂടെ വ്യതിരിക്തനായി നിലകൊള്ളുക വഴി അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം വർഷത്തിൽ പല തവണ കലാപ്രദർശനങ്ങളും ക്യാമ്പുകളും നടന്നു വരുന്നു എന്നത് അദ്ദേഹത്തിൻ്റെ അടയാളപ്പെടുത്തലുകൾക്കുള്ള അംഗീകാരമാണ്.

Comments